തിരുവനന്തപുരം: നെയ്യാർ അണക്കെട്ടിന്റെ റിസർവോയറില്‍ കാണാതായ ആർടിഒ ജീവനക്കാരിയുടെ മൃതദേഹം കണ്ടെത്തി.
നേമം സ്വദേശിനിയായ ശരണ്യയുടെ മൃതദേഹമാണ് സ്‌കൂബ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്.
ഇന്നലെയാണ് ശരണ്യ റിസർവോയറില്‍ ചാടിയത്. സ്ഥലം മാറ്റം ലഭിക്കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് ഭർത്താവ് സിരില്‍ മൊഴി നല്‍കിയത്.
എന്നാല്‍ ശരണ്യയും ഭർത്താവുമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സിരിലിനെതിരെ ശരണ്യ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഭർത്താവിന്റെ പീഡനമാണ് മരണകാരണമെന്ന് പൊലീസും പറയുന്നു.
സിരില്‍ നിരന്തരം മദ്യപിച്ചെത്തി ശരണ്യയെ മർദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. തിരുവനന്തപുരം തമ്പാനൂർ ആർടിഒ ഓഫീസിലെ ഓഫീസ് അസിസ്റ്റന്റായിരുന്നു ശരണ്യ. 11 മാസം മുൻപാണ് ജോലി ലഭിച്ചത്.
