ഇന്ധന പ്രതിസന്ധി; പരിഭ്രാന്തി പരത്തുന്ന ദൃശ്യങ്ങൾ ആവർത്തിച്ച് പ്രചരിപ്പിക്കരുതെന്ന് പെട്രോളിയം മന്ത്രാലയം

രാജ്യത്ത് പാചക വാതക പ്രതിസന്ധിയെന്ന നിലയിൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ വീണ്ടും ആവർത്തിച്ച് പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് മാധ്യമങ്ങൾക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം നിർദേശം നൽകി. ദൗർലഭ്യം ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടുകളിൽ കഴിഞ്ഞ ദിവസം ആളുകൾ പരിഭ്രാന്തരായ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. തുടർ റിപ്പോർട്ടുകളിൽ ഈ ദൃശ്യങ്ങൾ ആവർത്തിക്കരുതെന്നും ഇവ പരിഭ്രാന്തി സൃഷ്ടിക്കുമെന്നുമാണ് നിർദേശം. സമൂഹമാധ്യമ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നവരും ഇത് ശ്രദ്ധിക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെ എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി കേന്ദ്രം ഉയര്‍ത്തിയിരുന്നു. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമാണ്. രാജ്യത്തെ എൽപിജി പ്രതിസന്ധിയിൽ ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യത്തെ മറികടക്കാൻ കൃത്യമായൊരു മാർഗം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ആളുകൾ തിരക്ക് കൂട്ടി സിലിണ്ടർ ബുക്ക് ചെയ്യുന്നത് തെറ്റിദ്ധാരണയും വ്യാജ വിവരങ്ങളും മൂലമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

എല്‍പിജി പ്രതിസന്ധിയുടെ പേരില്‍ രാജ്യത്ത് ചിലര്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞിരുന്നു. പരിഭ്രാന്തി സൃഷ്ടിക്കുന്നവര്‍ ജനങ്ങള്‍ക്ക് മുന്നില്‍ സ്വയം തുറന്നുകാട്ടുകയാണെന്നും അവര്‍ രാജ്യത്തെ ജനങ്ങളെ വേദനിപ്പിക്കുകയാണെന്നും മോദി പറഞ്ഞിരുന്നു. എന്നാൽ എൽപിജി പ്രതിസന്ധി വിവിധ മേഖലകളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. കേരളത്തിലടക്കം ഹോട്ടലുകൾ അടച്ചുപൂട്ടുന്ന സ്ഥിതിയാണ് നിലവിൽ.