ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്താൻ അനുമതിയില്ല; ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: കൊല്ലത്തെ ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നവകേരള സദസ് നടത്താനുള്ള അനുമതി ഹൈക്കോടതി റദ്ദാക്കി.

കുന്നത്തൂര്‍ മണ്ഡലത്തിലെ നവകേരള സദസ് ചക്കുവള്ളി ക്ഷേത്രമൈതാനത്ത് നടത്താൻ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.

ഇവിടെ നവകേരള സദസ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം ഹൈക്കോടതി ശരിവയ്ക്കുകയായിരുന്നു. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഈ മാസം 18നാണ് ഇവിടെ പരിപാടി നിശ്ചയിച്ചിരുന്നത്. ഇതോടെ നവകേരള സദസിനായി പുതിയൊരു വേദി കണ്ടെത്തേണ്ടി വരും.

കടയ്ക്കല്‍ ദേവീക്ഷേത്ര മൈതാനത്ത് നവകേരള സദസ് നടത്താൻ അനുമതി നല്‍കിയതിനെതിരെയും ഒരു വിഭാഗം വിശ്വാസികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.