തിരുവനന്തപുരം: പണിമുടക്കി സമരം ചെയ്തവര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ച് കെഎസ്‌ആര്‍ടിസി.
ഒന്നാം തീയതി ശമ്പളം നല്‍കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയിലെ അംഗങ്ങളാണ് സമരം ചെയ്തത്.
ഇവര്‍ക്കെതിരെ സ്വീകരിച്ച പ്രതികാര നടപടിയാണ് നിലവില്‍ മാനേജ്മെന്‍റ് പിന്‍വലിച്ചത്.
പണിമുടക്കിയവർക്ക് ഡയസ്‌നോണ്‍ ബാധകമാക്കി ഒരു ദിവസത്തെ ശമ്പളം പിടിക്കാനാണ് കെഎസ്‌ആർടിസി തീരുമാനിച്ചിരുന്നത്. ഈ നിര്‍ദേശമാണ് പുതിയ ഉത്തരവിലൂടെ പിന്‍വലിച്ചത്. ജീവനക്കാര്‍ക്കെതിരെയുള്ള പ്രതികാര നടപടി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിഷേധം ശക്തമായതോടെയാണ് പുതിയ നടപടി.
ഒരു ദിവസത്തെ ശമ്ബളം പിടിക്കാൻ തീരുമാനിച്ചതിന് പുറമെ സമരം ചെയ്ത ജീവനക്കാരുടെ ശമ്പള ബില്‍ പ്രത്യേകം തയ്യാറാക്കാൻ കോർപ്പറേഷൻ നിര്‍ദേശം നല്‍കിയിരുന്നു. ഡയസ്‌നോണ്‍ ബാധകമല്ലാത്ത ജീവനക്കാരുടെ ബില്ലുകള്‍ സമയബന്ധിതമായി പ്രോസസ് ചെയ്ത് അപ്രൂവല്‍ നല്‍കണമെന്നും ഡയസ്‌നോണ്‍ എന്‍ട്രി വരുന്ന ജീവനക്കാരുടെ ഫെബ്രുവരിയിലെ ശമ്ബളം സ്പാര്‍ക്ക് സെല്ലില്‍നിന്ന് അനുമതി ലഭിക്കുന്ന മുറയ്ക്കു മാത്രമേ അനുവദിക്കാവൂ എന്നും ചീഫ് അക്കൗണ്ട് ഓഫിസര്‍ നേരത്തെ നല്‍കിയ നിര്‍ദേശത്തിലുണ്ട്.
