പാലക്കാട്: ക്രിസ്മസ് ആഘോഷം നടത്തിയതിന് വിശ്വഹിന്ദ് പരിഷത്ത് പ്രവർത്തകർ അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ആഘോഷം തടയുകയും ചെയ്ത പാലക്കാട് നല്ലേപ്പിള്ളി ജി.എല്‍.പി സ്കൂളില്‍ വീണ്ടും ക്രിസ്മസ് ആഘോഷം.
നാടക ക്യാംപിന്‍റെ ഭാഗമായാണ് കുട്ടികളും നാടകാധ്യാപകരും ചേർന്ന് ക്രിസ്മസ് ആഘോഷിച്ചത്. കാരള്‍ പാടിയും, കേക്ക് മുറിച്ചും, മധുരം വിതരണം ചെയ്തും ആഘോഷം വർണാഭമാക്കി.
നല്ലേപ്പിള്ളിയിലെ ക്രിസ്മസ് ആഘോഷം ചോദ്യം ചെയ്തതിന് മൂന്ന് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകരെയാണ് ചിറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. തുടർന്നായിരുന്നു നല്ലേപ്പിള്ളി സ്കൂളിന്‍റെ പത്ത് കിലോമീറ്റർ പരിധിക്കുള്ളിലുള്ള തത്തമംഗലം ജി.ബി. യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനായി ഒരുക്കിയ പുല്‍ക്കൂടും അലങ്കാരങ്ങളും തകർത്തനിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് സ്കൂളില്‍ വീണ്ടും ക്രിസ്മസ് ആഘോഷിച്ചുകൊണ്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും രംഗത്തെത്തിയത്.
