നാഗമ്പടത്തെ മേൽപ്പാലത്തിന് ഇരുവശവും കാടുമൂടിയ നിലയിൽ; ഇവിടം ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും വിഹാര കേന്ദ്രം

കോട്ടയം : നാഗമ്പടത്ത് ബസ്‌ സ്‌റ്റാന്റില്‍ നിന്ന്‌ എംസി റോഡിലേക്കുള്ള മേല്‍പ്പാലത്തിന്റെ ഇരുവശങ്ങളുമാണു കാടു കയറി കിടക്കുകയാണ്. ഇഴജന്തുക്കളുടെയും തെരുവുനായകളുടെയും വിഹാര കേന്ദ്രമായ ഇതുവഴി ഭയത്തോടെയാണ്‌ യാത്രക്കാര്‍ രാപകല്‍ ഭേദമെന്യേ കടന്നുപോകുന്നത്‌.
നേരം പുലരുമ്പോള്‍ മുതല്‍ രാത്രി ഒമ്പതു വരെ തിരക്കേറിയ മേല്‍പ്പാലമാണിത്‌.

നാഗമ്പടം ബസ്‌റ്റാന്റിലേക്കും തിരികെയും എംസി റോഡില്‍ നിന്നുപോകുന്നവര്‍ക്കുള്ള ആശ്രയം. റെയില്‍വേ സ്‌റ്റേഷന്റെ ഒന്നാം വാടത്തില്‍ ഇറങ്ങുന്ന ട്രെയിന്‍ യാത്രക്കാര്‍ ഏറ്റുമാനൂര്‍ ഭാഗത്തേയ്‌ക്കുള്ള ബസില്‍ കയറാന്‍ പോകാനും ഇതുവഴി എത്താറുണ്ട്‌. എന്നാല്‍ യാത്രക്കാരുടെ തിരക്കിനനുസരിച്ച്‌ ഇവിടെ യാത്രാ സുരക്ഷിതത്വം ഒരുക്കാന്‍ റെയില്‍വേയോ, നഗരസഭയോ തയാറാകുന്നില്ലെന്നാണു പരാതി.
നാഗമ്പടം പഴയ പാലത്തിന്റെ അപ്രോച്ച്‌ റോഡില്‍ നിന്നാണ്‌ മേല്‍പ്പാലത്തിന്റെ തുടക്കം. ഈ പ്രദേശമാകെ കാടുമൂടി കിടക്കുകയാണ്‌.

പാലം മറുകരയെത്തുമ്പോള്‍ നാഗമ്പടം ബസ്‌ സ്‌റ്റാന്റിനോടു ചേര്‍ന്ന ഭാഗത്തും സമാന അവസ്‌ഥ തന്നെയാണ്. രാപകല്‍ ഭേദമില്ലാതെ ഇവിടെ ആളുകള്‍ മല മൂത്ര വിസര്‍ജനവും കൂടി ചെയ്യുന്നതോടെ കാല്‍ നട യാത്രക്കാരുടെ ദുരിതം വര്‍ധിക്കും. മൂക്കുപൊത്താതെ ഇതുവഴി കടന്നുപോകാന്‍ കഴിയാത്ത അവസ്‌ഥയാണ്‌. നിരവധി ഇഴജന്തുക്കള്‍ ഇവിടം താവളമാക്കിയിരിക്കുന്നതിനാല്‍ ദുരിതം പിന്നെയും വര്‍ധിക്കും.

മഴ പെയ്യുന്ന ദിവസങ്ങളിലാണ്‌ ഏറെ ബുദ്ധിമുട്ടുന്നതെന്നു യാത്രക്കാര്‍ പറയുന്നു. കാടു വെട്ടിത്തെളിയ്‌ക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നാണ്‌ യാത്രക്കാരുടെ ആവശ്യം. മേല്‍പ്പാലത്തിലും സമീപ പ്രദേശങ്ങളിലും തെരുവു നായ ശല്യവും രൂക്ഷമാണ്‌. ധൃതിയില്‍ ഇതുവഴി കടന്നുപോകുന്നവര്‍ നായകളെ ചവിട്ടുന്നതും ഇവ കടിക്കാന്‍ ഓടിക്കുന്നതും പതിവാണ്‌.