സ്‌കൂള്‍ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; 7 കുട്ടികള്‍ക്ക് പരിക്കേറ്റു, സംഭവം കാസർഗോഡ്

കാസര്‍കോട് : സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഏഴ് കുട്ടികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റതായി വിവരം. കാസർഗോഡാണ് സംഭവം. നഗരത്തിലെ മാര്‍ക്കറ്റിന് സമീപമാണ് അപകടം ഉണ്ടായത്. രണ്ട് സ്‌കൂളിലെ കുട്ടികളാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. ഓട്ടോറിക്ഷയില്‍ കുട്ടികളെ കുത്തിനിറച്ച് കൊണ്ടു പോയതും അമിത വേഗതയുമാണ് അപകടകാരമമെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ഓട്ടോയിലെ സീറ്റിന് പുറമേ മറ്റൊരു തട്ട് കൂടി ഇട്ടായിരുന്നു കുട്ടികളെ കൊണ്ടു പോയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പരിക്കേറ്റ കുട്ടികള്‍ക്ക് പുറമേ കൂടുതല്‍ കുട്ടികള്‍ ഓട്ടോയില്‍ ഉണ്ടായിരുന്നോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. കാസര്‍കോട് ഗവണ്‍മെന്റ് യുപി സ്‌കൂള്‍, മഡോണ എയുപി സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളായിരുന്നു ഓട്ടോയില്‍ ഉണ്ടായിരുന്നത്.

പരിക്കേറ്റ കുട്ടികളെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അമിതവേഗത്തെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.