കോഴിക്കോട്: യുകെയിൽ ജോലി വാഗ്ദാനം ചെയ്തു സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരിൽ നിന്നു വ്യാജ അക്കൗണ്ട് വഴി ലക്ഷങ്ങൾ തട്ടിയ യുവാവിനെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം ഈരാറ്റുപേട്ട മരങ്ങാട്ട് വീട്ടിൽ ജോയൽ ജോണിനെയാണ് (42) ആണ് ചേവായൂർ ഇൻസ്പെക്ടർ സജീവന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
യുകെയിൽ ജോലിയുള്ള ഭാര്യയുടെ രേഖകൾ ഉപയോഗിച്ചാണ് പ്രതി തട്ടിപ്പു നടത്തിയതെന്നു പൊലീസ് കണ്ടെത്തി. ഇതേ രീതിയിൽ ഒട്ടേറെ പേരിൽ നിന്നു പണം വാങ്ങിയതായി സൂചനയുണ്ട്.
ചേളന്നൂർ സ്വദേശിയായ വനിതാ ഡോക്ടറുടെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതിയെ തന്ത്രപൂർവം കോഴിക്കോട്ടെത്തിച്ച് ഇന്നലെ വെള്ളിമാടുകുന്നിൽ നിന്നു പിടികൂടിയത്.
ഡോക്ടറുടെ യുകെയിലുള്ള ബന്ധു മുഖേനയാണ് ഏതാനും മാസം മുൻപു പ്രതിയെ പരിചയപ്പെട്ടത്. യുകെയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ശരിയാക്കിത്തരാം എന്നു പറഞ്ഞ് 11 ലക്ഷം രൂപ ആവശ്യപ്പെട്ടു.
മൂന്നു തവണയായി 6 ലക്ഷം രൂപ കക്കോടിയിലെ ബാങ്ക് അക്കൗണ്ട് വഴി കൈമാറി. ജോലി ലഭിക്കാത്തതിനെ തുടർന്നു പണം തിരിച്ചു ചോദിച്ചപ്പോൾ കൂടുതൽ തുക ആവശ്യപ്പെട്ടു. അതോടെയാണു പരാതി നൽകിയത്.
ഭാര്യയോടൊപ്പം യുകെയിൽ താമസിക്കുന്ന പ്രതി ഇടയ്ക്കു കേരളത്തിൽ എത്തും. ഭാര്യയുടെ യുകെയിലെ രേഖകൾ ഉപയോഗിച്ചു വാട്സാപ് വഴിയാണ് ആളുകളെ വലയിലാക്കിയത്.
യുകെയിലുള്ള ശ്രീലങ്കൻ സുഹൃത്തിന്റെ അക്കൗണ്ട് നമ്പർ ഉപയോഗിച്ചാണ് പലരിൽ നിന്നും പണം വാങ്ങിയത്. അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ എ.ഉമേഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
ആവശ്യപ്പെട്ട തുക നൽകാമെന്നു പൊലീസിന്റെ നിർദേശപ്രകാരം ഡോക്ടർ അറിയിച്ചതിനെ തുടർന്നു പണം വാങ്ങാൻ ഇന്നലെ വൈകിട്ട് എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിനിരയായ 2 പേർ എറണാകുളത്തു പരാതി നൽകിയിട്ടുണ്ട്. പ്രതിക്കെതിരെ എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിലടക്കം പരാതിയുണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. എസ്ഐ ശരത്ബാബു, എഎസ്ഐ സജിത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
