‘പപ്പ സുഖമായിരിക്കുന്നു, തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്’; ബോളിവുഡ് നടൻ ധര്‍മേന്ദ്രയുടെ മരണവാര്‍ത്ത നിഷേധിച്ച്‌ മകള്‍ ഇഷ ഡിയോള്‍

മുംബൈ: ബോളിവുഡ് നടൻ ധര്‍മേന്ദ്രയുടെ മരണവാര്‍ത്ത നിഷേധിച്ച്‌ മകള്‍ ഇഷ ഡിയോള്‍ രംഗത്ത്. പിതാവ് സുഖമായിരിക്കുന്നുവെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇഷ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

“മാധ്യമങ്ങള്‍ അമിതവേഗത്തിലാണ് തെറ്റായ വാർത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് തോന്നുന്നു. എന്‍റെ പിതാവിന്‍റെ നില തൃപ്തികരമാണ്. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നു. ഞങ്ങളുടെ കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. നിങ്ങളുടെ പ്രാർത്ഥനകള്‍ക്ക് നന്ദി” ഇഷ കുറിക്കുന്നു.

ധര്‍മേന്ദ്രയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മകൻ സണ്ണി ഡിയോളിന്‍റെ ടീം വ്യക്തമാക്കി. ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ കിംവദന്തികള്‍ പ്രചരിപ്പിക്കരുതെന്ന് ആരാധകരോട് അഭ്യർഥിച്ചു.

”ആശുപത്രിയില്‍ കഴിയുന്ന ധരം ജിയെക്കുറിച്ചുള്ള ആശങ്കയ്ക്ക് എല്ലാവർക്കും നന്ദി. അദ്ദേഹം നിരന്തരം നിരീക്ഷണത്തിലാണ്, നാമെല്ലാവരും അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ ക്ഷേമത്തിനും വേഗത്തില്‍ സുഖം പ്രാപിക്കുന്നതിനും വേണ്ടി എല്ലാവരും പ്രാർത്ഥിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു” എന്ന് ഹേമ മാലിനി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുംബൈയിലെ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ ചികിത്സയിലാണ് 89 കാരനായ നടൻ ധർമ്മേന്ദ്ര. തിങ്കളാഴ്ച രാത്രി കുടുംബാംഗങ്ങളായ ഹേമ മാലിനി, ബോബി ഡിയോള്‍, സണ്ണി ഡിയോള്‍, മറ്റുള്ളവർ എന്നിവരെ കൂടാതെ സല്‍മാൻ ഖാൻ, ഷാരൂഖ് ഖാൻ എന്നിവരുള്‍പ്പെടെ നിരവധി ബോളിവുഡ് താരങ്ങളും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. പിന്നീട്, ഗോവിന്ദയും അമീഷ പട്ടേലും ആശുപത്രിയില്‍ എത്തിയിരുന്നു.