സർക്കാരിനെതിരെ യാതൊരു തരത്തിലുമുള്ള ജന വികാരമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അത് അടിവരയിടുന്ന അനുഭവമാണ് ഗൃഹ സന്ദർശനത്തിൽ ലഭിച്ചത്. എൽഡിഎഫിന് എതിരെ കള്ളകഥ പ്രചരിപ്പിരിക്കാൻ യുഡിഎഫ് ശ്രമിക്കുന്നു. ഇതിന് മാധ്യമ പിന്തുണയുമുണ്ടെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. കേരളത്തിൻ്റെ മതേതരത്വത്തിന് ഭീഷണി ഉയർത്തുന്ന പ്രചരണമാണ് യുഡിഎഫ് നടത്തുന്നത്. ശബരിമല സ്വർണ്ണ കേസിൽ കളളക്കഥ പൊളിഞ്ഞു. എസ്‌ഐആർ പിണറായി സർക്കാർ പദ്ധതി എന്ന പച്ചക്കളളം വരെ പ്രചരിപ്പിച്ചിരുന്നു. യുഡിഎഫ് പ്രചരണത്തിന് എതിരെ നല്ല ജാഗ്രത പുലർത്തണം എന്ന് ഗൃഹ സന്ദർശനത്തിൽ ബോധ്യമായി. ജനങ്ങളോട് കൂടുതൽ അടുത്ത് ഇടപെടേണ്ട ആവശ്യകത ബോധ്യപ്പെട്ടു. യുഡിഎഫിന്റെ വർഗീയ പ്രചരണത്തിനെതിനെ ജാഗ്രത വേണമെന്ന് ജനങ്ങൾ തന്നെ പറഞ്ഞു. അല്ലെങ്കിൽ തെറ്റായ പ്രചരണത്തിൽ വീണു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിയമ സഭ തിരഞ്ഞെപ്പിൽ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് ജനങ്ങൾ ഉറപ്പ് നൽകി. ജനങ്ങൾ നൽകിയ നിർദേശങ്ങൾ അടുത്ത പ്രകടന പത്രികയിൽ ഉൾപ്പെടുത്തും. ജനങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പിൽ പറ്റിയ തെറ്റ് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ പ്രദേശത്ത് കലാപം ഉണ്ടാക്കാൻ ശ്രമിച്ചവരാണ് കോൺഗ്രസ്. പദ്ധതി അവസാനിപ്പിക്കും എന്നായിരുന്നു കോൺഗ്രസിന്റെ പ്രഖ്യാപനം. ഒരിഞ്ച് പോലും മുന്നോട്ടു പോകാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. നിശ്ചയദാർഢ്യത്തോടെയാണ് എൽഡിഎഫ് പദ്ധതി യാഥാർത്ഥ്യമാക്കിയതെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
