മൂന്നാര്‍ അതിഥി മന്ദിരം: പുതിയ ബ്ലോക്ക് ഉദ്ഘാടനം ജനുവരി 4ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും

ഇടുക്കി: മൂന്നാറിലെ സർക്കാർ അതിഥിമന്ദിരത്തോട് ചേർന്ന് വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ജനുവരി നാലിന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.

രാവിലെ 9.30ന് നടക്കുന്ന പരിപാടിയില്‍ ദേവികുളം എം.എല്‍.എ. അഡ്വ. എ. രാജ അധ്യക്ഷത വഹിക്കും. ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തും.

പുതിയ അക്കോമഡേഷൻ കോംപ്ലക്സില്‍ ഒൻപത് ഡീലക്സ് റൂമുകളും ഒരു വിഐപി റൂമും 80 പേരെ പങ്കെടുപ്പിക്കാവുന്ന കോണ്‍ഫറൻസ് ഹാളും 40 പേർക്ക് ഇരിക്കാവുന്ന ഡൈനിങ് ഹാളും ഡ്രൈവർമാർക്കായി വിശ്രമമുറികളും അടുക്കളയുമുണ്ട്. രണ്ട് ഭരണാനുമതി ഉത്തരവുകളിലായി നടപ്പാക്കിയ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ കെട്ടിടത്തിന്റെ സ്ട്രക്ച്ചറല്‍ വർക്കുകളാണ് ഉള്‍പ്പെട്ടിരുന്നത്.

രണ്ടാം ഘട്ടത്തിലാണ് അക്കോമഡേഷൻ കോംപ്ലക്സിന്റെ അനുബന്ധ പ്രവൃത്തികള്‍ക്കുള്ള അനുമതി ലഭിച്ചത്. ആകെ 6.84 കോടി രൂപ ചെലവില്‍ ഹാബിറ്റാറ്റാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.