വരൂ… പൂക്കള്‍ കാണാം; മൂന്നാര്‍ ഫ്ലവര്‍ഷോ മേയ് ഒന്ന് മുതല്‍; വിദേശയിനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പൂച്ചെടികള്‍

മൂന്നാർ: അവധിക്കാലം ആഘോഷമാക്കാൻ മൂന്നാറില്‍ ഫ്ലവർ ഷോ ഒരുങ്ങുന്നു.

മേയ് ഒന്നുമുതല്‍ 10 വരെ ഡിടിപിസിയുടെ നേതൃത്വത്തില്‍ ഗവ.ബൊട്ടാണിക്കല്‍ ഗാർഡനിലാണ് ഫ്ലവർ ഷോ നടക്കുന്നത്.
ഇതിനായി വിദേശയിനങ്ങള്‍ ഉള്‍പ്പെടെ നൂറുകണക്കിന് പൂച്ചെടികള്‍ ഗാർഡനിലെത്തിക്കും.

ഇപ്പോള്‍ ഗാർഡനിലുള്ള ചെടികള്‍ക്ക് പുറമേയാണിത്. പ്രത്യേക സെല്‍ഫി പോയിന്റും സജ്ജീകരിക്കും. രാവിലെ ഒൻപതുമുതല്‍ രാത്രി ഒൻപതുവരെയാണ് പ്രവേശനം. ദിവസേന വൈകീട്ട് ആറുമുതല്‍ ഒൻപതുവരെ സ്റ്റേജ് ഷോകള്‍, മ്യൂസിക്കല്‍ ഫൗണ്ടൻ എന്നിവ നടക്കും.

മൂന്നാറിലെത്തുന്നവരുടെ ഇഷ്ടവിനോദസഞ്ചാര കേന്ദ്രമാണ് ഡിടിപിസിയുടെ കീഴില്‍ ദേവികുളം റോഡില്‍ പ്രവർത്തിക്കുന്ന ഗവ. ബൊട്ടാണിക്കല്‍ ഗാർഡൻ.വിദേശയിനങ്ങള്‍ ഉള്‍പ്പെടെ മൂവായിരത്തിലധികം ഇനങ്ങളില്‍പ്പെട്ട ഒരു ലക്ഷത്തിലേറെ അലങ്കാരച്ചെടികള്‍ ഇവിടെയുണ്ട്.

കൂടാതെ ഓർക്കിഡ് ഗാർഡനും കള്ളിമുള്‍ച്ചെടികളുടെ ശേഖരവും ഒരുക്കിയിട്ടുണ്ട്.കുട്ടികള്‍ക്കായുള്ള വിശാലമായ കളിസ്ഥലവും വാച്ച്‌ ടവറും ഇവിടെയുണ്ട്. മുതിർന്നവർക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശനനിരക്ക്.