കോട്ടയം: തുണി, സാനിറ്ററി പാഡുകള്‍, ടാംപണുകള്‍ ഇവയേക്കാളെല്ലാം സുരക്ഷിതം മെൻസ്ട്രല്‍ കപ്പുകളാണെന്നാണ് പറയപ്പെടുന്നത്.
മാത്രമല്ല പല ഡോക്ടർമാരും ഇത് സജസ്റ്റ് ചെയ്യുന്നുമുണ്ട്. അതിനാല്‍ത്തന്നെ മെൻസ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. എന്നിരുന്നാലും അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ ചില കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്. വൃക്ക പ്രശ്നങ്ങള്‍ പോലുള്ള ഗുരുതരമായ സങ്കീർണതകള്‍ക്ക് മെൻസ്ട്രല്‍ കപ്പിന്റെ ഉപയോഗം കാരണമാകുമത്രേ.
ഗവേഷണ റിപ്പോർട്ടിലെ കണ്ടെത്തല്‍
പല വലിപ്പത്തിലുള്ള മെൻസ്ട്രല്‍ കപ്പുകള്‍ മാർക്കറ്റില്‍ ലഭ്യമാണ്. അനുയോജ്യമായത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അല്ലാത്ത മെൻസ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് യൂട്ടെറോഹൈഡ്രോനെഫ്രോസിസ് (uterohydronephrosis – മൂത്രസഞ്ചിയിലേക്ക് മൂത്രം ഒഴുകുന്നത് തടസപ്പെട്ടതുമൂലം വൃക്ക വീർക്കുന്ന അവസ്ഥ) അവസ്ഥയിലേക്ക് എത്തുമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലിലെ ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ആറ് മാസമായി മൂത്രമൊഴിക്കുമ്പോള്‍ വേദനയാണെന്നും, മൂത്രത്തില്‍ രക്തം കണ്ടെന്നും പറഞ്ഞുകൊണ്ട് ഒരു സ്ത്രീ ഡോക്ടറെ കാണാനെത്തി. സ്‌കാനിംഗില്‍ വലതു വൃക്ക വീർത്തതായി കണ്ടെത്തി. മെൻസ്ട്രല്‍ കപ്പ് ഉപയോഗിക്കാറുണ്ടെന്നും ഈ സ്ത്രീ വെളിപ്പെടുത്തി. ഇതോടെ ഒരു മാസത്തേക്ക് മെൻസ്‌ട്രല്‍ കപ്പ് ഉപയോഗിക്കരുതെന്നും അതിനുശേഷം പരിശോധനയ്ക്കായി വരണമെന്നും ആവശ്യപ്പെട്ടു. രണ്ടാമത്തെ റൗണ്ട് പരിശോധനകള്‍ക്കായി യുവതിയെത്തിയപ്പോള്‍ വൃക്കയുടെ വീക്കം കുറഞ്ഞിരുന്നു. മാത്രമല്ല, വേദനയും മാറി. മൂത്രത്തില്‍ രക്തവും വന്നില്ല. എല്ലാ സാധാരണ നിലയിലായതായും കണ്ടെത്തി. ഇതോടെ മെൻസ്‌ട്രല്‍ കപ്പ് വച്ചത് മൂത്രത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തിയതാണെന്ന നിഗമനത്തില്‍ ഡോക്ടർമാരെത്തി.
ആറ് മാസത്തിന് ശേഷം ആ സ്ത്രീ തുടർ പരിശോധനകള്‍ക്കെത്തി. ആരോഗ്യപ്രശ്നങ്ങള്‍ ഭയന്ന് മെൻസ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതില്‍ ജാഗ്രത പാലിച്ചതായി യുവതി പറഞ്ഞു. സമാനമായ കുറച്ച് കേസുകള്‍ മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി ഗവേഷകർ പറയുന്നു.
‘അള്‍ട്രാസൗണ്ട് സ്‌കാനിലൂടെയും മറ്റുമാണ് ഇത് യൂറിറ്റെറോഹൈഡ്രോനെഫ്രോസിസിന്റെ റിഗ്രഷൻ കാണിച്ചത്. മൂന്ന് കേസുകളില്‍, സ്ത്രീകള്‍ മെൻസ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് പുനഃരാരംഭിച്ചു, അവരില്‍ ആർക്കും പിന്നീട് ഈ പ്രശ്‌നങ്ങള്‍ വന്നില്ല. കാരണം. അവർ തങ്ങള്‍ക്ക് യോജിച്ച വലിപ്പത്തിലുള്ള കപ്പ് തിരഞ്ഞെടുത്തു.’- ഗവേഷകർ വ്യക്തമാക്കി.
മൂത്ര സംബന്ധമായ പാർശ്വഫലങ്ങള്‍ തടയുന്നതിന് ശരിയായ ആകൃതിയും വലിപ്പവും ഉള്ള മെൻസ്ട്രല്‍ കപ്പ് തിഞ്ഞെടുക്കണം. മാത്രമല്ല അത് കൃത്യമായ രീതിയില്‍ വയ്ക്കുകയും വേണം. നിലവില്‍ ഡോക്ടറുടെ ഉപദേശം ഇല്ലാതെ തന്നെ ആർത്തവ കപ്പുകള്‍ വാങ്ങാനും ഉപയോഗിക്കാനും കഴിയും, എന്നാല്‍ ഏത് വലിപ്പത്തിലുള്ള കപ്പാണ് ഉപയോഗിക്കേണ്ടതെന്നതടക്കമുള്ള കാര്യങ്ങളില്‍ വിദഗ്ദ്ധരുടെ അഭിപ്രായം തേടണം.
അപകട സാദ്ധ്യതയുണ്ടോ?
സിലിക്കോണ്‍ കൊണ്ട് നിർമ്മിച്ച മെൻസ്ട്രല്‍ കപ്പുകള്‍ സമീപ വർഷങ്ങളില്‍ വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ദൂരയാത്ര ചെയ്യുമ്ബോഴും മറ്റും ഏറെ ഗുണകരമാണ്. ഉപയോഗ ശേഷം പുറത്തെടുത്ത് രക്തം നീക്കം ചെയ്ത ശേഷം വൃത്തിയാക്കി വീണ്ടും വയ്ക്കാം. ദിവസത്തിലൊരിക്കലെങ്കിലും ചൂടുവെള്ളത്തില്‍ കഴുകുന്നത് നല്ലതാണ്. മെൻസ്ട്രല്‍ കപ്പ് വർഷങ്ങളോളം ഉപയോഗിക്കാമെന്നതിനാല്‍ പണം ലാഭിക്കുകയും ചെയ്യാം.
എന്നാല്‍ അവ സുരക്ഷിതമണോ? ദി ലാൻസെറ്റ് പബ്ലിക് ഹെല്‍ത്തില്‍ മുൻപ് പ്രസിദ്ധീകരിച്ച റിപ്പോർട്ടുപ്രകാരം മെൻസ്ട്രല്‍ കപ്പുകള്‍ സുരക്ഷിതമാണ്. ദരിദ്ര രാജ്യങ്ങളില്‍ ഈ കപ്പ് ഒരു പ്രയോഗിക ഓപ്ഷനായിരിക്കാമെന്നും റിപ്പോർട്ടില്‍ പറയുന്നു.
മെൻസ്ട്രല്‍ കപ്പ് നീക്കം ചെയ്യുന്നതിനും വയ്ക്കുന്നതിനും മുൻപ് കൈ വൃത്തിയായി കഴുകണം. ശുചിത്വം പാലിച്ചില്ലെങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായേക്കാം. ശരിയായ രീതിയില്‍ മെൻസ്‌ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുമ്ബോള്‍ പാർശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ വിരളമാണെന്നാണ് മെഡിക്കല്‍ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
