പള്ളിക്കലാറ്റിലെ മാവേലികടവില്‍ കുളിക്കുന്നതിനിടെ മുങ്ങിത്താണ വയോധികയെ പൊതുപ്രവര്‍ത്തകനും സുഹൃത്തുക്കളും ചേര്‍ന്ന് രക്ഷപ്പെടുത്തി.


കൊല്ലം : ശൂരനാട് വടക്ക് നടുവിലേമുറി സ്വദേശി ഭവാനിമ്മയാണ് (75) നിലയില്ലാക്കയത്തില്‍ അകപ്പെട്ടത്. ഞായറാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ഇതുവഴി പോയവര്‍ ഉച്ചത്തിലുള്ള നിലവിളി കേട്ട് നോക്കുമ്ബോഴാണ് മരണത്തിനും ജീവിതത്തിനുമിടയില്‍ പിടയുന്ന വയോധികയെ കാണുന്നത്.

സ്ഥലത്തെത്തിയ പൊതുപ്രവര്‍ത്തകനായ ശൂരനാട് സുവര്‍ണൻ, സുഹൃത്തുക്കളായ രാജീവ്, സതീശൻ എന്നിവര്‍ ആറ്റിലേക്ക് ചാടി രക്ഷപ്പെടുത്തി കരയില്‍ എത്തിക്കുകയായിരുന്നു. സംഭവമറിഞ്ഞ് ശൂരനാട് പൊലീസും സ്ഥലത്തെത്തിയിരുന്നു. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയോധിക അപകടനില തരണം ചെയ്തിട്ടുണ്ട്.