മംഗളൂരുവിലെ വ്യവസായിയുടെ ആത്മഹത്യ; മലയാളി യുവതിയും ഭര്‍ത്താവും അറസ്റ്റില്‍; നഗ്ന ദൃശ്യങ്ങള്‍ കാണിച്ച്‌ മുംതാസ് അലിയെ ഭീഷണിപ്പെടുത്തി പണം തട്ടിയതായി റിപ്പോര്‍ട്ട്; മറ്റ് പ്രതികള്‍ക്കായി തിരച്ചിൽ ശക്തം

മംഗളൂരു: മംഗളൂരുവിലെ അറിയപ്പെടുന്ന വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ബി.എം.മുംതാസ് അലി(52)യുടെ ആത്മഹത്യയില്‍ മലയാളികളായ ദമ്പതികള്‍ അറസ്റ്റില്‍.

മുംതാസ് അലിയുടെ സഹോദരന്‍ ഹൈദര്‍ അലി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് മലയാളി യുവതിയെയും ഭര്‍ത്താവിനെയും കാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മലയാളികളായ റഹ്‌മത്ത്, ഭര്‍ത്താവ് ഷുഹൈബ് എന്നിവരാണ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളില്‍ നിന്ന് അറസ്റ്റിലായത്. ഇരുവരും ചേര്‍ന്ന് മുംതാസ് അലിയെ ഹണി ട്രാപ്പില്‍ കുടുക്കിയതായാണ് സൂചന.

ഇവരുള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഷാഫി, മുസ്തഫ, അബ്ദുല്‍ സത്താര്‍, ഇയാളുടെ ഡ്രൈവര്‍ സിറാജ് എന്നിവരാണ് പൊലീസ് തിരയുന്ന മറ്റ് പ്രതികള്‍. ഇവര്‍ നഗ്‌നദൃശ്യങ്ങള്‍ കാണിച്ച്‌ മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും 50 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തതായും റിപ്പോര്‍ട്ട് ഉണ്ട്.

ഇരുവരും ചേര്‍ന്ന് വീണ്ടും പണം തട്ടാന്‍ ശ്രമം നടത്തിയതായും പറയുന്നു.