കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ താരങ്ങളായ പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്ന് നോട്ടീസ് നല്‍കിയേക്കും.
ചോദ്യം ചെയ്യലിന് മുന്നോടിയായിട്ടുള്ള ലഹരി പാർട്ടി സംബന്ധിച്ചുള്ള വിവരശേഖരണം മരട് പൊലീസ് പൂർത്തിയാക്കി.
ഓംപ്രകാശ് താമസിച്ചിരുന്ന ആഡംബര ഹോട്ടല്‍ മുറിയില്‍ ഇന്നലെ ഫോറൻസിക് പരിശോധന നടത്തിയിരുന്നു.
പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഹോട്ടല്‍ മുറിയില്‍ എത്തിയത് ലഹരി പാർട്ടിയില്‍ പങ്കെടുക്കാൻ ആണെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. താരങ്ങളെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫിനെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിട്ടുണ്ട്.
കൊച്ചിയിലെ ലഹരി ഇടപാടുകളില്‍ പ്രധാനിയാണ് ബിനു ജോസഫെന്ന് പൊലീസ് പറയുന്നു. ലഹരി ഇടപാടിന്‍റെ ഭാഗമായാണോ താരങ്ങള്‍ എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്.
നേരത്തെ, ലഹരിക്കേസില്‍ കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടർന്ന് ഓം പ്രകാശിന് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു.
