കുഴിമന്തികഴിക്കാനും കറങ്ങാനുമായി വീട് വിട്ടിറങ്ങി; കുട്ടിക്കൂട്ടത്തെ കയ്യോടെ കോട്ടയം റെയിൽവേ പോലീസ് പൊക്കി, വീട് വിട്ടിറങ്ങിയത് 14 വയസ്‌ പ്രായമുള്ള മൂന്നു കുട്ടികൾ

കോട്ടയം: കുഴിമന്തികഴിക്കാന്‍ വീടുവിട്ടിറങ്ങിയ ശേഷം കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി നല്‍കി റെയില്‍വേ പോലീസ്‌. ചൊവ്വാഴ്‌ചയാണു സംഭവം.14 വയസ്‌ പ്രായമുള്ള മൂന്നു കുട്ടികളാണ്‌ കുഴിമന്തി കഴിക്കാനായി വീട്ടില്‍ നിന്നുമിറങ്ങി മുങ്ങിയത്‌.

കൊല്ലം ജില്ലയിലെ അഞ്ചലില്‍ നിന്നാണ്‌ ഇവര്‍ കുഴിമന്തി കഴിക്കാനെന്ന പേരില്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്‌.. ബന്ധുക്കളുടെ പരാതിയില്‍ അഞ്ചല്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു. ഇതിനിടെ, നടപടിക്രമത്തിന്റെ ഭാഗമായി റെയില്‍വേ പോലീസിലും കുട്ടികളുടെ ചിത്രം സഹിതം വിവരം എത്തി.

റെയില്‍വേ എസ്‌.പി ബി.കൃഷ്‌ണകുമാറിന്റെ നിര്‍ദേശാനുസരണം റെയില്‍വേ പോലീസ്‌ സംഘം പരിശോധനയും ശക്‌തമാക്കി. വൈകിട്ട്‌ കോട്ടയത്ത്‌ എത്തിയ തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ ഫാസ്‌റ്റില്‍ കുട്ടികളെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ റെയില്‍വേ എസ്‌.എച്ച്‌.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തില്‍ ട്രെയിനില്‍ പരിശോധന നടത്തുകയും കുട്ടികളെ ട്രെയിനില്‍ നിന്നും കണ്ടെത്തുകയും ചെയ്‌തു.

ട്രെയിനിലെ ജനറല്‍ കോച്ചിലാണു കുട്ടികള്‍ ഉണ്ടായിരുന്നത്‌. തുടര്‍ന്ന്‌ അഞ്ചല്‍ പോലീസ്‌ സംഘം സ്‌ഥലത്തെത്തി കുട്ടികളെ ഏറ്റെടുത്തു. നാട്‌ ചുറ്റിക്കാണാന്‍ ചെന്നൈയ്‌ക്കു പോകുകയായിരുന്നുവെന്നു കുട്ടികള്‍ റെയില്‍വേ എസ്‌.എച്ച്‌.ഒയോട്‌ പറഞ്ഞു.

റെയില്‍വേ പൊലീസിന്റെ നീക്കമാണു കുട്ടികളെ കണ്ടെത്താന്‍ സഹായിച്ചത്‌. കോട്ടയം റെയില്‍വേ പൊലീസിന്‌ നന്ദിയുമായി അഞ്ചല്‍ പോലീസ്‌ ഉദ്യോഗസ്‌ഥരും രംഗത്തെത്തി. പരിശോധനയില്‍ എസ്‌.എച്ച്‌.ഒ റെജി പി.ജോസഫ്‌, എ.എസ്‌.ഐ സന്തോഷ്‌ കെ.നായര്‍, സീനിയര്‍ സിവില്‍ പൊലീസ്‌ ഓഫിസര്‍ അനു, ആര്‍.പി.എഫ്‌ കോണ്‍സ്‌റ്റബിള്‍ എസ്‌.സുനില്‍കുമാര്‍, ആര്‍.പി.എഫ്‌ എസ്‌.ഐ സന്തോഷ്‌ എന്നിവര്‍ പങ്കെടുത്തു.