ടെൽ അവീവിലെ മെറ്റയുടെ ഓഫീസ് അടച്ചുപൂട്ടി; ഇറാൻ ആക്രമണത്തിൽ ഭയം, ജീവനക്കാരുടെ സുരക്ഷയ്ക്ക് പ്രാധാന്യം

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലെ മെറ്റയുടെ ഓഫീസ് താല്കാലികമായി അടച്ചുപൂട്ടി. 900 ജീവനക്കാരുള്ള ഓഫീസാണ് പൂട്ടിയത്. ഇസ്രയേലിന്റെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം കടുപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മെറ്റയുടെ നീക്കം. ഓഫീസ് അടയ്ക്കാനുള്ള തീരുമാനം ചൂണ്ടിക്കാട്ടി ജീവനക്കാർക്ക് മെറ്റ ഇന്റേണൽ മെമ്മോ അയച്ചു. വെല്ലുവിളി നിറഞ്ഞ സമയത്ത് എല്ലാവർക്കും വീട്ടിൽ ഒരു ഷെൽട്ടറോ സുരക്ഷിതമായ മുറിയോ ലഭ്യമല്ലെന്ന് തങ്ങൾ മനസ്സിലാക്കുന്നുവെന്ന് മെമ്മോയിൽ പറയുന്നുണ്ട്. ബോംബ് ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള ഷെൽട്ടറുകളില്ലാത്ത ജീവനക്കാർക്ക് അതിനുള്ള സൗകര്യം സജ്ജമാക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തു. ഇതിനായി ഹോട്ടലുകളിൽ സൗകര്യം ഏർപ്പെടുത്തിയതായും എട്ട് രാത്രികൾ വരെ ഇവിടെ തങ്ങാമെന്നുമാണ് കമ്പനി അറിയിച്ചത്.

മെറ്റയുടെ സുപ്രധാന റിസർച്ച് ആന്‍റ് ഡെവലപ്‌മെന്‍റ് സെന്‍ററാണ് ടെൽ അവീവിൽ പ്രവർത്തിക്കുന്നത്. 2013ൽ സ്ഥാപിക്കപ്പെട്ട ഓഫീസ് എആർ/ വിആർ പ്രൊഡക്ടുകളുടെ നിർമാണത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുഎഇ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ ആമസോൺ വെബ് സർവീസസ് അടക്കമുള്ള ഡാറ്റ സെന്ററുകളെ ഇറാൻ ലക്ഷ്യം വെച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് മെറ്റയുടെ തീരുമാനം.