കുന്ദമംഗലം : മന്ത്രവാദം നടത്തി അസുഖം മാറ്റിത്തരാമെന്ന പേരില്‍ വീട്ടമ്മയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച മന്ത്രവാദി അറസ്റ്റിലായി.
മലപ്പുറം കാവന്നൂര്‍ തപ്പനച്ചിയിലെ അബ്ദുറഹിമാന് എന്ന 32 കാരനയൊണ് കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കുടുംബിനിയായ സ്ത്രീയെ അസുഖം മാറ്റിത്തരാമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടുവന്ന് മടവൂരിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം.
സ്ത്രീയുടെ പരാതിയിലാണ് നടപടി. അസുഖം മാറ്റിത്തരാമെന്ന് പറഞ്ഞ് ആളെ കൊണ്ടുവരാന്‍ ഇയാള്‍ക്ക് സ്ത്രീകളായ ഏജന്റുമാര്‍ ഉണ്ടെന്നും അവര്വഴിയാണ് ഇടപാട് നടത്തുന്നതെന്നുമാണ് ഇയാള്‍ക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഡിസംബര്‍ 9 നായിരുന്നു പരാതിക്കാരിയായ സ്ത്രീയെ ഇയാള്‍ സമീപിച്ചത്. ഇവരുടെ വീട്ടിലെത്തിയ അബ്ദു റഹിമാന്‍ ഇവരെ പ്രലോഭിപ്പിച്ച് മടവൂരില്‍ എത്തിക്കുകയായിരുന്നു.
സംശയം തോന്നാതിരിക്കാന്‍ ഒരു സ്ത്രീയെയും ഇയാള്‍ കൂട്ടിയിരുന്നു. ഇവര്‍ക്കൊപ്പം മടവൂരിലെ ഒരു ഹോട്ടലില്‍ എത്തിച്ച ശേഷം ഒപ്പമുണ്ടായിരുന്ന യുവതിയെ മറ്റൊരു മുറിയിലേക്കും ഇരയായ സ്ത്രീയെ ചികിത്സയ്ക്ക് എന്ന് പറഞ്ഞ് വേറൊരു മുറിയിലേക്കും കൊണ്ടുപോകുകയായിരുന്നു. അതിന് ശേഷം യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതി നല്‍കിയിട്ടുള്ള പരാതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
