മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിൻ പങ്കെടുക്കും; മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തില്‍ ഡോ. എ ജയതിലകിനെ അടുത്ത ചീഫ് സെക്രട്ടറിയായി നിശ്ചയിച്ചു.

ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഈ മാസം 30ന് വിരമിക്കുന്ന മുറയ്ക്ക് ജയതിലക് ചുമതലയേല്‍ക്കും.
ആഗോള കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ കേരളത്തെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സ് മാതൃകയില്‍ കേരള സ്കൂള്‍ ഓഫ് മാത്തമാറ്റിക്സിനെ മികവിന്‍റെ കേന്ദ്രമായി ഉയര്‍ത്താൻ തീരുമാനിച്ചു. സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഷാജി പി ചാലിയെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി കേസുകള്‍ നടത്തുന്നതിനുള്ള സീനിയര്‍ അഭിഭാഷകരുടെ പാനലില്‍ ഉള്‍പ്പെടുത്താനും തീരുമാനമായി.

ഹൈക്കോടതിയില്‍ സ്പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡറായി (ഇറിഗേഷന്‍) അഡ്വ.ഡേവിസ് പി ഐയെ നിയമിക്കും. കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (കെ – റെറ)യില്‍ മെമ്പറായി എ മുഹമ്മദ് ഷബീറിനെ നിയമിക്കും. വാഴക്കുളം അഗ്രോ ആന്‍റ് ഫ്രൂട്ട്സ് പ്രൊസസിങ്ങ് കമ്ബനി ഡയറക്ടര്‍ ബോര്‍ഡ് അംഗമായി സജി ജോണിനെ നിയമിക്കും.