എആർഎമ്മിന്റെ വ്യാജ പതിപ്പ് കേസിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പോലീസ് പിടികൂടി; ചിത്രീകരിച്ചത് കോയമ്പത്തൂരിലെ തിയേറ്ററിൽ നിന്ന്; പ്രതികളെ കൊച്ചിയിൽ ചോദ്യം ചെയ്യുന്നു

കൊച്ചി : ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം എആ‍ർഎമ്മിന്റെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിൽ.

കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോയമ്പത്തൂരിലെ തിയേറ്ററിൽവെച്ചാണ് സിനിമ ചിത്രീകരിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
കൊച്ചി സൈബർ പൊലീസാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ കാന്‍വാസില്‍ എത്തിയ ചിത്രമാണ് എആര്‍എം. കരിയറിലെ 50-ാം ചിത്രത്തിൽ ടൊവിനോ അജയന്‍, മണിയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെ മൂന്ന് വേഷങ്ങളിലാണ് ചിത്രത്തില്‍ എത്തിയിരിക്കുന്നത്.

ഓണം റിലീസ് ആയി സെപ്റ്റംബര്‍ 12 നാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ പിന്നാലെ ചിത്രത്തിന്റെ തിയറ്റർ പതിപ്പ് പുറത്തിറങ്ങി.

ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ചിത്രം മൊബൈല്‍ ഫോണില്‍ കാണുന്ന ദൃശ്യം സംവിധായകന്‍ ജിതിന്‍ ലാല്‍ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.