മനുഷ്യക്കടത്ത് സംശയിച്ചതിനെത്തുടര്‍ന്ന് ഫ്രാന്‍സില്‍ തടഞ്ഞുവെച്ച ഇന്ത്യക്കാരുമായുള്ള എയര്‍ബസ് എ340 വിമാനം മുംബൈയില്‍ എത്തി.

 

ന്യൂഡൽഹി : പുലര്‍ച്ചെ നാലോടെയാണ് വിമാനം മുംബൈയില്‍ എത്തിയത്. ദുബായിയില്‍ നിന്നും യുഎസിലെ നിക്കരാഗ്വയിലേക്ക് പുറപ്പെട്ട ചാര്‍ട്ടര്‍ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ ഇറക്കുകയായിരുന്നു. പിന്നാലെ യാത്രക്കാര്‍ മനുഷ്യക്കടത്തിന്‍റെ ഇരകളാണെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഫ്രഞ്ച് പോലീസ് ഇടപെടുകയായിരുന്നു.

303 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം വിമാനം വിട്ടയയ്ക്കുകയായിരുന്നു. വിമാനത്താവളത്തില്‍ ഒരുക്കിയ താല്‍ക്കാലിക കോടതിയിലെ വിചാരണ നടപടികള്‍ക്കൊടുവിലാണ് ഫ്രഞ്ച് കോടതി വിമാനം വിട്ടയയ്ക്കാന്‍ ഉത്തരവിട്ടത്.

പിടിച്ചെടുത്ത് നാലു ദിവസങ്ങള്‍ക്ക് ശേഷമാണ് വിമാനം വിട്ടയച്ചത്. ഫ്രാന്‍സിലെ നിയമമനുസരിച്ച്‌ വിദേശികളെ നാല് ദിവസത്തില്‍ കൂടുതല്‍ പോലീസിന് കസ്റ്റഡിയില്‍ വയ്ക്കാനോ ചോദ്യം ചെയ്യാനോ കഴിയില്ല.

ചോദ്യംചെയ്യല്‍ നീട്ടണമെങ്കില്‍ കോടതിയുടെ പ്രത്യേക ഉത്തരവ് വേണം. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് അധികൃതര്‍ വിമാനം വിട്ടയയ്ക്കാന്‍ തീരുമാനിച്ചത്.