മനാഫിനെതിരെ കേസെടുക്കാൻ അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടിട്ടില്ല; എഫ്‌ഐആറില്‍ നിന്നും ഒഴിവാക്കും; പേര് ഉള്‍പ്പെടുത്തിയത് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ട്

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അർജുന്റെ കുടുംബം നല്‍കിയ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കും.

മനാഫിനെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നില്ല. മനാഫിന്റെ വീഡിയോയുടെ താഴെ കുടുംബത്തിന് നേരെ സൈബർ ആക്രമണം നടക്കുന്നു എന്നായിരുന്നു പരാതി.

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മനാഫിന്റെ പേര് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു. എഫ്‌ഐആറില്‍ നിന്ന് മനാഫിനെ ഒഴിവാക്കുമെന്നാണ് പൊലീസ് പറയുന്നത്.

അന്വേഷണം നടത്തി ആവശ്യമെങ്കില്‍ മനാഫിനെ ഒഴിവാക്കുമെന്ന് ഇന്നലെ പൊലീസ് അറിയിച്ചിരുന്നു. അതേസമയം, സൈബർ ആക്രമണ പരാതിയില്‍ മനാഫിനെ സാക്ഷിയാക്കും. സൈബർ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചു.

ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയ പേജുകള്‍ പരിശോധിക്കുമെന്നും ഇന്ന് കുടുംബത്തിന്റെ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു. കോഴിക്കോട് കമ്മീഷണർക്കാണ് അർജുന്റെ സഹോദരി അഞ്ജു പരാതി നല്‍കിയത്.