മുൻ വൈരാഗ്യത്തെ തുടർന്നുള്ള വാക്ക് തർക്കം; യുവാവിനെ വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ചു; ഗുരുതരമായി പരിക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ; പ്രതിക്കായുള്ള അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: അടിമാലിയില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ച്‌ പോലീസ്. വാക്ക് തർക്കത്തിനിടെ യുവാവിനെ വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. അടിമാലി ഒഴുവത്തടം തച്ചിലേത്ത് ജോസഫ് മാത്യുവിനാണ് (36) പരിക്കേറ്റത്.

സംഭവത്തില്‍ ഒഴിവത്തടം സെറ്റില്‍മെന്റ് ഭാഗം സ്വദേശി ജോമോന് എതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് തെരച്ചില്‍ ആരംഭിച്ചു. മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് വാക്കത്തി ഉപയോഗിച്ച്‌ ആക്രമണം ഉണ്ടായത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം.
ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് സംഘർഷത്തില്‍ കലാശിച്ചത്. തുടര്‍ന്ന് ജോമോന്‍ വാക്കത്തി ഉപയോഗിച്ച്‌ ജോസഫിനെ വെട്ടുകയായിരുന്നു.

ആക്രമണത്തില്‍ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ജോസഫിനെ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
എന്നാല്‍ ഗുരുതര പരിക്കേറ്റിരുന്നതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജോസഫിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ദൃക്‌സാക്ഷികളായ മറ്റ് രണ്ട് പേരുടെ മൊഴിയെ തുടര്‍ന്ന് അടിമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.