യുവാവിനെ കുത്തിമലര്‍ത്തിയ 14കാരനും 16കാരനും സ്വഭാവ ദൂഷ്യത്തിന് സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍; ഇരുട്ടത്ത് പെണ്‍കുട്ടികള്‍ക്കൊപ്പം പോയത് ചോദ്യം ചെയ്തത് ഇഷ്‌ടപ്പെട്ടില്ല; കൗമാരക്കാരുടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

തൃശൂർ: നഗരമദ്ധ്യത്തില്‍ പുതുവർഷത്തലേന്ന് കൗമാരക്കാരുടെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

പ്രതികളായ സ്‌കൂള്‍ വിദ്യാർത്ഥികള്‍ രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം മൈതാനത്ത് നടന്ന് പോകുകയായിരുന്നു. പെണ്‍കുട്ടികളുമായി ഇരുട്ടത്ത് പോകുന്നത് കണ്ടതോടെ തൃശൂർ പൂത്തോള്‍ സ്വദേശി ലിവിൻ ചോദ്യം ചെയ്തു.

ഇതിന്റെ പേരില്‍ തർക്കമായി. ഇതിനിടെയാണ് വിദ്യാർത്ഥികളിലൊരാള്‍ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ലിവിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഒറ്റക്കുത്തില്‍ തന്നെ ലിവിൻ മരണപ്പെട്ടതായി പൊലീസ് പറയുന്നു. നെഞ്ചത്താണ് കുത്തേറ്റത്. തൊട്ടടുത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

കൊലപാതകത്തിന് കാരണം മുൻ വൈരാഗ്യമല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് 14 ഉം 15 ഉം വയസുള്ള രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.