കളിയിക്കാവിളയിൽ കാറിനുള്ളിൽ മലയാളി യുവാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ, എഴുപത് ശതമാനത്തോളം കഴുത്ത് അറ്റ നിലയിലായിരുന്നുവെന്ന് പോലീസ്, അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: കളിയിക്കാവിളയിൽ കാറിനുള്ളിൽ മലയാളി യുവാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ.

മലയിൻകീഴ് സ്വദേശി ദീപുവാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കേരള-തമിഴ്‌നാട് അതിർത്തിയിൽ തമിഴ്നാട് പോലീസിന്റെ പട്രോളിംഗിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

70 ശതമാനത്തോളം കഴുത്ത് അറ്റ നിലയിലായിരുന്നു. ഇന്നലെ രാത്രി 11.45 ന് ആണ് ഡിക്കി തുറന്നുകിടക്കുന്ന കാർ പട്രോളിംഗ് സംഘത്തിന്റെ ശ്രദ്ധയിൽപെടുന്നത്.

ലൈറ്റും ഓണായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണുന്നത്. ദീപുവിന്റെ കൈയിൽ 10 ലക്ഷം രൂപ ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഇയാൾക്ക് തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങുന്നതിനായി 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണ് വീട്ടുകാരുടെ മൊഴി. ദീപുവിന്റെ മൃതദേഹം കുഴിത്തറ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.