പത്തനംതിട്ടയിൽ പനിബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാർഥിനി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവം; സഹപാഠിയുടെ രക്ത സാമ്പിൾ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു

പത്തനംതിട്ട: പനി ബാധിച്ച് മരിച്ച പ്ലസ്ടു വിദ്യാർത്ഥിനി ഗർഭിണിയായിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ സഹപാഠിയുടെ രക്ത സാമ്പിൾ പരിശോധനാഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.

17കാരി ഗർഭിണിയായത് സഹപാഠിയിൽ നിന്നാണെന്ന് വ്യക്തമായി. ആലപ്പുഴ നൂറനാട് സ്വദേശിയായ എ. അഖിലാണ് കേസിലെ പ്രതി. ഇയാൾക്ക് 18 വയസ് പൂർത്തിയായിട്ടുണ്ട്. പെൺകുട്ടിയെ പീഡിപ്പിച്ചതായി പ്രതി കുറ്റസമ്മതം നടത്തിയതോടെ അഖിലിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

പെൺകുട്ടിയുടെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് വന്ന് ലൈം​ഗികമായി പീഡിപ്പിച്ചെന്നാണ് പ്രതിയുടെ മൊഴി. അറസ്റ്റ് രേഖപ്പെടുത്തിയ സാ​ഹചര്യത്തിൽ വൈകാതെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ നവംബറിലായിരുന്നു പെൺകുട്ടി മരിച്ചത്.
പനിയെ തുടർന്ന് കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെയായിരുന്നു മരണം. കുട്ടിയുടെ ശരീരത്തിലേക്ക് അമിതമായ അളവിൽ ചില മരുന്നുകൾ എത്തിയിരുന്നതായി സംശയം ഉയർന്നു. തുടർന്നാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചത്.

ഇതോടെ പെൺകുട്ടി അഞ്ച് മാസം ​ഗർഭിണിയായിരുന്നുവെന്ന് കണ്ടെത്തി. മരിച്ച 17-കാരി ​ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് കൂടി വ്യക്തമായതോടെ പോലീസ് പോക്സോ കേസെടുത്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ​ഹപാഠി കസ്റ്റഡിയിലായത്.