തൊട്ടതെല്ലാം പൊന്നാക്കുന്ന ഗാന്ധര്‍വ്വം! കൂടല്ലൂര്‍ വിട്ട് കോഴിക്കോടിന്റെ ശ്വാസത്തില്‍ അലിഞ്ഞു ചേര്‍ന്നു; എം ടി ഇനി ഓര്‍മകളില്‍; വ്യാഴാഴ്ച 4 മണി വരെ പൊതുദര്‍ശനം; സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം

കോഴിക്കോട്: അക്ഷരങ്ങളുടെ മാന്ത്രികതയുമായി മാനാഞ്ചിറയേയും മിഠായിത്തെരുവിനേയും വിസ്മയിപ്പിച്ച ആ കാലൊച്ചകള്‍ ഇനിയില്ല.

അന്തരിച്ച മലയാളത്തിന്റെ മഹാ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായരുടെ സംസ്‌കാരം വ്യാഴാഴ്ച നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡിലെ പൊതു ശ്മശാനത്തിലാണ് ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.

വൈകുന്നേരം നാല് മണി വരെ സ്വന്തം വസതിയില്‍ എംടിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് വിടപറഞ്ഞത്.

എം ടിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും നടത്താനിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കി. മന്ത്രിസഭാ യോഗം ഉള്‍പ്പെടെ ഒഴിവാക്കിയാണ് ദുഃഖാചരണം.

രാഷ്ട്രീയ, സാഹിത്യ, സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖരാണ് പ്രിയപ്പെട്ട എംടിക്ക് അനുശോചനമറിയിച്ചത്. വിടപറഞ്ഞത് മലയാള സാഹിത്യത്തെ ലോക സാഹിത്യത്തില്‍ എത്തിച്ച പ്രതിഭയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചത്.

എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. മഹാനായ എഴുത്തുകാരനെയാണ് നഷ്ടപ്പെട്ടതെന്ന് നടന്‍ കമല്‍ഹാസന്‍ അനുശോചിച്ചു. മന്ത്രി എംബി രാജേഷ്, വയനാട് എംപി പ്രിയങ്ക ഗാന്ധി, കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍, മുന്‍ മന്ത്രി ഇ.ടി മുഹമ്മദ് ബഷീര്‍, ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് തുടങ്ങി നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

പിറന്ന നാടായ കൂടല്ലൂര്‍ വിട്ട് കോഴിക്കോടിന്റെ ശ്വാസത്തില്‍ അലിഞ്ഞു ചേര്‍ന്ന എം.ടി ഇനി ഓര്‍മ്മകളില്‍ പുഞ്ചിരി തൂകും. പന്ത്രണ്ടാമത്തെ വയസിലാണ് എം.ടി ആദ്യമായി കോഴിക്കോടന്‍ മണ്ണില്‍ കാല് കുത്തുന്നത്. അച്ഛന്‍ നാരായണന്‍ നായരുടെ കൈപിടിച്ച്‌ കോഴിക്കോടെത്തിയപ്പോള്‍ അത് വരെ കേട്ടറിഞ്ഞ നാട് സ്വന്തമായിത്തോന്നി.
മണികിലുക്കിയോടുന്ന കുതിരവണ്ടികള്‍, മറ്റ് നഗരക്കാഴ്ചകള്‍. പാലക്കാട് കുഗ്രാമത്തില്‍ നിന്ന് വന്ന കൊച്ചു പയ്യന്റെ മനസില്‍ കൗതുകത്തിന്റെ വേരുകള്‍ പടര്‍ത്താന്‍ അതുമതിയായിരുന്നു.

കാഴ്ചകള്‍ കണ്‍കുളിര്‍ക്കെ കണ്ടു തീരാതെയായിരുന്നു അന്ന് എം.ടിയുടെ മടക്കം. പിന്നീട് തൊഴില്‍ തേടിയും മറ്റുംനിരവധി തവണ കോഴിക്കോട്ടെത്തി. 1956-ല്‍ മാതൃഭൂമിയില്‍ ജോലി കിട്ടിയതോടെ കോഴിക്കോട് എം.ടിയുടെ സ്വന്തം തട്ടകമായി മാറി.

അക്ഷരങ്ങളുടെ മാന്ത്രികതയിലൂടെ എം.ടി. മലയാളികളുടെ ആരാധനയ്ക്ക് പാത്രമായത് ഈ നഗരത്തിന്റെ പല കോണുകളിലിരുന്നാണ്. കൂടല്ലൂരില്‍ നിന്ന് എം.ടി എഴുതുമായിരുന്നെങ്കിലും എംടിക്ക് എഴുത്തിന്റെ ആകാശം തുറന്നത് കോഴിക്കോടന്‍ മണ്ണാണ്. മാനാഞ്ചിറയും മിഠായിത്തെരുവലും ബീച്ചുമെല്ലാം അദ്ദേഹത്ത സ്വാതന്ത്ര്യത്തോടെ വരവേറ്റു. എം.ടി. കോഴിക്കോട്ടെത്തിയ സമയം സാഹിത്യത്തില്‍ എസ്.കെ. പൊറ്റെക്കാട്ടും വൈക്കം മുഹമ്മദ് ബഷീറും തിക്കോടിയനും ഉറൂബും എന്‍.പി. മുഹമ്മദും തിളങ്ങിയ സമയമായിരുന്നു. അക്കൂട്ടത്തിലേക്ക് എം.ടിയേയും അവര്‍ സ്വീകരിച്ചു.