കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്.
ശ്വാസംമുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തല്‍.
സംഭവത്തില്‍ യുവതിക്കൊപ്പം താമസിച്ചിരുന്ന തിരുവില്വാമല സ്വദേശി സനൂഫിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇയാള്‍ക്കായി ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി.
മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സനൂഫും ഫസീലയും ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്.
ലോഡ്ജ് ജീവനക്കാർ ചൊവ്വാഴ്ച രാവിലെ നോക്കിയപ്പോഴാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാർ പറഞ്ഞു. പിന്നീട് പണം എടുക്കാനെന്നുപറഞ്ഞ് ഇയാള്‍ ലോഡ്ജില് നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
