കോട്ടയം: സാമ്പത്തിക ക്രമക്കേടുകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ കോട്ടയം നഗരസഭ കൗണ്‍സില്‍ യോഗം ഇന്ന് ചേരും.
211 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് വിവരം പുറത്തുവന്നതിനുശേഷം ആദ്യമായാണ് നഗരസഭ കൗണ്‍സില്‍ യോഗം ചേരുന്നത്.
തദ്ദേശ വകുപ്പ് ഓഡിറ്റിലാണ് കോട്ടയം നഗരസഭയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 211 കോടി രൂപ കാണാനില്ലെന്ന് കണ്ടെത്തിയത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ പ്രതിപക്ഷം ഇന്ന് കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കും.
നഗരസഭയിലെ സാമ്പത്തിക ഇടപാടുകളുടെ മുഴുവൻ വിവരങ്ങളും എല്‍ഡിഎഫ് കൗണ്‍സിലർമാർ ആവശ്യപ്പെടും. ക്രമക്കേട് വിവരങ്ങള്‍ സംബന്ധിച്ച് ഇതുവരെയും യുഡിഎഫ് ഭരിക്കുന്ന നഗരസഭ ഉത്തരം നല്‍കിയിട്ടില്ല.
തദ്ദേശ വകുപ്പിന്റെ അന്വേഷണത്തില്‍ ഒടുവില്‍ കാര്യങ്ങള്‍ മനസ്സിലാകുമെന്ന് മറുപടി മാത്രമാണ് ചെയർപേഴ്സണ്‍ നല്‍കിയിട്ടുള്ളത്. നഗരസഭയ്ക്ക് പുറത്ത് എല്‍ഡിഎഫ് നടത്തുന്ന സമരങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് കൗണ്‍സില്‍ യോഗം ചേരുന്നത്.
