ആലപ്പുഴ: മാന്നാറിൽ 15 വര്‍ഷം മുമ്പ് കാണാതായ കലയെന്ന 20 വയസുകാരിയെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. 2 മാസം മുമ്പ് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചു പേര്‍ ചേര്‍ന്ന് യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു രഹസ്യവിവരം. പിടിയിലായവരെല്ലാം കൊല്ലപ്പെട്ടതായി കരുതുന്ന കലയുടെ ഭര്‍ത്താവിൻ്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്.
കേസിൽ പ്രതിയായ അഞ്ചാമനെ കസ്റ്റഡിയിലെടുക്കാനായി അന്വേഷണം തുടര്‍ന്ന പോലീസ് ഈ വിവരം പുറത്തുവിട്ടിരുന്നില്ല.
എന്നാൽ, അഞ്ചാമനെ പോലീസിന് കണ്ടെത്താനായിട്ടില്ല. മാന്നാറിൽ പെൺകുട്ടി താമസിച്ചിരുന്ന സ്ഥലത്ത് തന്നെ യുവതിയെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് വിവരം.
ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കൃത്യം നടന്നുവെന്ന് സംശയിക്കുന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തി.
