തീവണ്ടി ഓടിക്കുന്നവർ ജോലിക്കെത്തും മുൻപോ ജോലിസമയത്തോ കരിക്കിൻവെള്ളവും ഹോമിയോ മരുന്നുകളും കഴിക്കരുത്; ലോക്കോ പൈലറ്റുമാരോട് റെയില്‍വേ

കൊല്ലം: തീവണ്ടി ഓടിക്കുന്നവർ ജോലിക്കെത്തും മുൻപോ ജോലിസമയത്തോ കരിക്കിൻവെള്ളവും ഹോമിയോ മരുന്നുകളും കഴിക്കരുതെന്ന് റെയില്‍വേ.

ചിലതരം വാഴപ്പഴങ്ങള്‍, ചുമ മരുന്നുകളില്‍പ്പെട്ട സിറപ്പുകള്‍, ലഘുപാനീയങ്ങള്‍, മൗത്ത് വാഷ് എന്നിവയും ഉപയോഗിക്കരുതെന്ന് തിരുവനന്തപുരം ഡിവിഷൻ റെയില്‍വേ സീനിയർ ഇലക്‌ട്രിക്കല്‍ എൻജിനിയർ പുറപ്പെടുവിച്ച ഉത്തരവില്‍ നിർദേശിക്കുന്നു.

ജോലിക്കു കയറുന്നതിനും ഇറങ്ങുന്നതിനുമായി ക്രൂ ലോബിയിലെ സി.എം.എസ്.കിയോസ്കില്‍ സൈൻ ഓണ്‍, സൈൻ ഓഫ് എന്നിവ ചെയ്യുമ്പോള്‍ ബ്രെത്തലൈസർ പുറന്തള്ളുന്ന വായുവില്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം വർധിച്ചുവരുന്നെന്നാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെ കണ്ടവരുടെ രക്തസാമ്പിളുകള്‍ എടുത്ത് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കെമിക്കല്‍ എക്സാമിനേഴ്സ് ലബോറട്ടറിയില്‍ പരിശോധനയ്ക്ക് അയയ്ക്കാറുണ്ട്.

ഫലംവന്നപ്പോള്‍ മിക്ക രക്തസാമ്പിളുകളിലും മദ്യത്തിന്റെ അംശമില്ലെന്നു കണ്ടെത്തിയിരുന്നു. ബ്രെത്തലൈസറിന് തകരാർ വന്നതാകാമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഉപകരണം മാറ്റുന്നതിനു പകരം ലോക്കോ പൈലറ്റുമാർ ഭക്ഷണം നിയന്ത്രിക്കട്ടെയെന്നാണ് വിചിത്രമായ നിർദേശം.