ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ വെള്ളാര്‍ വാര്‍ഡിലും എല്ലാ മദ്യവില്‍പ്പന ശാലകളുടേയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. പൊങ്കാലയുടെ തലേ ദിവസമായ മാര്‍ച്ച് 2ആം തീയതി വൈകുന്നേരം 6 മണി മുതല്‍ പൊങ്കാല ദിവസമായ മാര്‍ച്ച് 3ന് വൈകീട്ട് 6 വരെയാണ് മദ്യനിരോധനം. നിർദ്ദേശം കർശനമായി പാലിക്കണമെന്നും അധികൃതർ ഉത്തരവിട്ടിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർത്ഥാടകർക്കും പൊതുജനങ്ങൾക്കും പൂർണ്ണമായ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിനായി എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഭക്ഷ്യസുരക്ഷ സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസിന്റെയും രജിസ്‌ട്രേഷന്റെയും പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണ്. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കൽ ഫിറ്റ്‌നെസ്സ് സർട്ടിഫിക്കറ്റ് പരിശോധനാ സമയം ഹാജരാക്കേണ്ടതാണ്. സ്ഥാപനത്തിൽ വെള്ളം ഉപയോഗിക്കുന്നുവെങ്കിൽ അതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.
