കുടുംബ പ്രശ്നം; പുതുവർഷ ദിനത്തിൽ അമ്മയെയും 4 സഹോദരിമാരെയും അതിക്രൂരമായി കൊലപ്പെടുത്തി യുവാവ്; ഉറങ്ങിക്കിടന്ന അഞ്ചുപേരുടെയും കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചാണ് പ്രതി കൊലപ്പെടുത്തിയതെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു

ലഖ്‌നൗ : പുതുവർഷ ദിനത്തിൽ അമ്മയേയും നാലു സഹോദരിമാരെയും യുവാവ് ക്രൂരമായി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗ താന നാകാ പ്രദേശത്തെ ഹോട്ടല്‍ ശരണ്‍ജീതിലാണ് ക്രൂരമായ കൊലപാതകം അരങ്ങേറിയത്. സംഭവത്തിൽ 24 കാരനായ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ തര്‍ക്കത്തെത്തുടര്‍ന്നാണ് അര്‍ഷാദ് അമ്മയേയും സഹോദരിമാരെയും കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്.

അർഷാദിന്റെ അമ്മ ആസ്മ, സഹോദരിമാരായ അല്‍ഷിയ (19), റഹ്മീന്‍ (18), അക്‌സ (16), ആലിയ (9) എന്നിവരാണ് കൊല്ലപ്പെട്ടത്. അർഷാദ് എന്നയാൾ സ്വന്തം കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തിയതായും ക്രൂരമായ പ്രവൃത്തിയെ തുടർന്ന് ലോക്കൽ പോലീസ് ഉടൻ തന്നെ പ്രതിയെ കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പിടികൂടിയെന്നും ഡിസിപി ത്യാഗി പറഞ്ഞു.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തെളിവെടുപ്പിനായി ഫോറൻസിക് സംഘത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും ഡിസിപി കൂട്ടിച്ചേർത്തു. ആഗ്ര കുബോര്‍പൂര്‍ ഇസ്ലാം നഗര്‍ സ്വദേശിയാണ് പിടിയിലായ അര്‍ഷാദ്. അമ്മയും സഹോദരിമാരും ഉറങ്ങിക്കിടക്കുമ്പോള്‍ ബ്ലേഡ് ഉപയോഗിച്ച് യുവാവ് ഇവരുടെ കഴുത്ത് മുറിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ ജീവനക്കാരെയും ചോദ്യം ചെയ്യുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ അറിയാനാകൂ എന്നും പൊലീസ് അറിയിച്ചു.