മണ്ണഞ്ചേരിയില്‍ മോഷണത്തിന് പിന്നില്‍ കുറുവ സംഘം തന്നെ; തിരിച്ചറിയാൻ നിര്‍ണായകമായത് നെഞ്ചില്‍ പച്ച കുത്തിയത്’; സ്ഥിരീകരിച്ച്‌ പൊലീസ്

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ മേഷണം നടത്തിയത് കുറുവ സംഘം തന്നെയെന്ന് പൊലീസ് സ്ഥിരീകരണം.

എറണാകുളം കുണ്ടന്നൂർ പാലത്തിന് താഴെ നിന്നും ഇന്നലെ പിടിയിലായ സന്തോഷ് കുറുവാ സംഘാംഗമാണെന്നും ആലപ്പുഴ ഡിവൈഎസ്പി മധു ബാബു മാധ്യമങ്ങളെ അറിയിച്ചു.

പ്രതിയുടെ നെഞ്ചില്‍ പച്ച കുത്തിയതാണ് ആളെ തിരിച്ചറിയാൻ നിർണായകമായത്. പാലായില്‍ സമാനമായ രീതിയില്‍ മോഷണം നടന്നതും അന്വേഷിച്ചു. അങ്ങനെയാണ് സന്തോഷിനെ കസ്റ്റഡിയിലെടുത്തത്.

പുലർച്ചെ രഹസ്യമായി തെളിവെടുപ്പ് നടത്തി. മോഷണം നടന്ന വീട്ടിലെ ഇരകള്‍ രാത്രിയായതിനാല്‍ മുഖം കണ്ടിരുന്നില്ല. കുറുവാ സംഘത്തില്‍ 14 പേരാണ് ഉളളത്. പ്രതിയെ പിടിച്ച കുണ്ടനൂരില്‍ നിന്നും ചില സ്വർണ്ണ ഉരുപ്പടികള്‍ കിട്ടി. ഇവ പൂർണ രൂപത്തിലല്ല, കഷ്ണങ്ങളാക്കിയ ആഭരണങ്ങളാണ് ലഭിച്ചത്.

സന്തോഷിന് ഒപ്പം കസ്റ്റഡിയിലെടുത്ത മണികണ്ഠന്റെ കാര്യത്തില്‍ വ്യക്തത വരാനുണ്ട്. സന്തോഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. കസ്റ്റഡിയില്‍ വാങ്ങുമെന്നും പൊലീസ് വ്യക്തമാക്കി.