കുമരകം: കുമരകത്ത് വാഹനാപകടങ്ങള്‍ പെരുകുന്നു.
ഇന്നലെ കുമരകം എസ്ബിഐക്കു മുന്നില്‍ കാറും ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് അപകടമുണ്ടായി.
കഴിഞ്ഞദിവസം നാലുകാറുകള്‍ തമ്മിലായിരുന്നു കൂട്ടയിടി. കാറും ആംബുലൻസും കൂട്ടിയിടിച്ചതിന്റെ പിറ്റേന്നായിരുന്നു നാലു കാറുകളുടെ കൂട്ടയിടി.
ഇന്നലെ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിനും കാർ ഡ്രൈവർക്കും സാരമായ പരിക്കേറ്റു. ബൈക്ക് യാത്രക്കാരൻ മുലേടം സ്വദേശി അനീഷ്, കാർ ഡ്രൈവർ കൊല്ലം സ്വദേശി ഷാജി ശിവാനന്ദൻ (61), ഓട്ടോ ഡ്രൈവർ കുമരകം വല്യമാന്ത്ര വിവേക് വി. ശശി ( 36 ), എന്നിവർക്കാണ് പരിക്കേറ്റത്.
ഓട്ടോ ഡ്രൈവറുടെ കാലിന് പരിക്കേറ്റെങ്കിലും ഗുരുതരമല്ല. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ബൈക്ക് യാത്രക്കാരന്റെ കാല്‍ ഒടിഞ്ഞിട്ടുണ്ടെന്നും കാർ ഡ്രൈവർക്ക് സ്റ്റിയറിംഗിടിച്ച് നെഞ്ചിനു പരിക്കേറ്റിട്ടുണ്ടെന്നും പരിക്കേറ്റവരെ ആദ്യം എത്തിച്ച കുമരകം എസ്‌എച്ച്‌എംസിയില്‍നിന്നും അറിയിച്ചു.
ഗുരുതര പരിക്കേറ്റ ബൈക്ക് യാത്രികനെ ഫയർഫോഴ്സിന്റെ ആംബുലൻസില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കോട്ടയം ഭാഗത്തേക്കു പോയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ചേർത്തല ഭാഗത്തേക്ക് പോയ ബൈക്കില്‍ ഇടിച്ചശേഷം ഓട്ടോയില്‍ ഇടിക്കുകയായിരുന്നു.
