മണ്ഡലകാലം ആരംഭിക്കാൻ അഞ്ച് ദിവസം മാത്രം ബാക്കി; വിരി വയ്ക്കാനും വാഹനം പാർക്ക് ചെയ്യാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും അയ്യപ്പ ഭക്തർ ഏറെ ബുദ്ധിമുട്ടേണ്ടി വരും; നിരവധി തീര്‍ഥാടകരെത്തുന്ന കുമളിയില്‍ ഒരുക്കങ്ങളായില്ല

ഇടുക്കി: മണ്ഡലകാലം ആരംഭിക്കാൻ അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കേ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ തീർഥാടകരെത്തുന്ന കുമളിയില്‍ ഒരുക്കങ്ങളൊന്നുമായിട്ടില്ല.

വിരി വയ്ക്കാനും വാഹനം പാർക്ക് ചെയ്യാനും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനും അയ്യപ്പ ഭക്തർ ഏറെ ബുദ്ധിമുട്ടേണ്ടി വരും. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അയപ്പ ഭക്തർ ആദ്യമെത്തുന്നത് ഇടുക്കിയിലെ കുമളിയിലാണ്.

തിരക്കേറുന്നതോടെ ആയിരക്കണക്കിന് ഭക്തർ ദിവസേന കുമളിയിലെത്തും. പഞ്ചായത്ത് ബസ് സ്റ്റാൻഡില്‍ ഭക്തർക്ക് വിരി വയ്ക്കാനുള്ള സ്ഥലം ഇതുവരെ സജ്ജമായിട്ടില്ല.

ടൗണില്‍ പരിമിത സൗകരങ്ങളുള്ള രണ്ട് കംഫർട്ട് സ്റ്റേഷനുകളാണുള്ളത്. തിരക്കേറുമ്പോള്‍ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാൻ ഭക്തർ പാതയോരത്തെ ആശ്രയിക്കേണ്ടി വരും. സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി പല തവണ വിവിധ വകുപ്പുകളുടെ യോഗം വിളിച്ചിരുന്നു.