ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ യുദ്ധം അവസാനിപ്പിക്കാനായി ഇരുരാജ്യങ്ങൾക്കും 200 ശതമാനം താരിഫ് ചുമത്തുമെന്ന് താൻ ഭീഷണിപ്പെടുത്തിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ ശക്തികളായ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിച്ചത് താനാണെന്ന അവകാശവാദം വീണ്ടും ആവർത്തിച്ചുകൊണ്ടാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വര്‍ഷമുണ്ടായ ഇന്ത്യ-പാക് സംഘര്‍ഷം അവസാനിച്ച ശേഷം, ആഗോളവേദികളിലടക്കം എൺപതിലേറെ തവണയായി ഇക്കാര്യം ട്രംപ് അവകാശപ്പെടുന്നുണ്ട്. വാഷിങ്ടണിൽ നടന്ന ഗാസ ബോർഡ് ഓഫ് പീസ് എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് ട്രംപിന്റെ പ്രസ്താവന. ട്രംപിന്റെ നേതൃത്വത്തിലുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പങ്കെടുത്തിരുന്നു.
അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും അധികാരത്തിലെത്തിയ ശേഷം ആദ്യ വർഷം തന്നെ എട്ടോളം യുദ്ധങ്ങളാണ് താൻ അവസാനിപ്പിച്ചതെന്നും ട്രംപ് അവകാശപ്പെട്ടു. പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് ഇടയിൽ താൻ ഏതെല്ലാം സംഘർഷങ്ങൾ അവസാനിപ്പിക്കാനാണ് ഇടപെട്ടതെന്ന് ട്രംപ് വിവരിക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്താനുമായുള്ള സംഘർഷമായിരുന്നു താൻ പരിഹരിച്ചതിൽ ഏറ്റവും വലുതെന്ന് പറഞ്ഞ ട്രംപ് പാക് പ്രധാനമന്ത്രി മിസ്റ്റർ ഷെരീഫിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും പാകിസ്താന്റെ ഫീൽഡ് മാർഷലും ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സസ് അസിം മുനീർ മഹാനായ വ്യക്തിയാണെന്നും പറഞ്ഞു. ഇന്ത്യ പാക് സംഘർഷം അവസാനിപ്പിച്ചതിലൂടെ 25 മില്യൺ മനുഷ്യരെയാണ് താന്‍ രക്ഷിച്ചതെന്ന് മുമ്പ് ഷെരീഫ് പറഞ്ഞ കാര്യം ട്രംപ് ഓർമിപ്പിച്ചു.
