തിരുവനന്തപുരം: 2019 ല്‍ സംസ്ഥാനത്ത് ആരംഭിച്ച കേരള ചിക്കൻ കൂടുതല്‍ മൂല്യവർധിത സേവനങ്ങളിലേക്ക്.
കുടുംബശ്രീയുടെ കേരള ചിക്കൻ പദ്ധതി വഴി ഫ്രോസണ്‍ ചിക്കൻ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചു.
‘കുടുംബശ്രീ കേരള ചിക്കൻ’ എന്ന ബ്രാൻഡില്‍ ചിക്കൻ ഡ്രം സ്റ്റിക്‌സ്, ബോണ്‍ലെസ് ബ്രീസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുള്‍ ചിക്കൻ എന്നീ വ്യത്യസ്ത കട്ടുകളിലാണ് ചിക്കൻ വിപണിയിലെത്തിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കും. ഇന്നലെ സെക്രട്ടേറിയറ്റ് അനക്‌സിലെ നവകൈരളി ഹാളില്‍ തദ്ദേശ സ്വയംഭരണ എക്‌സൈസ് പാർലമെൻററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവിക്ക് ഉല്‍പന്നങ്ങള്‍ കൈമാറി ലോഞ്ചിങ്ങ് നിർവഹിച്ചു.
കുടുംബശ്രീ കേരള ചിക്കൻ ബ്രോയ്‌ലർ ഫാർമേഴ്‌സ് കമ്പനിയുടെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളായ വനിതകളുടെ ഫാമില്‍ വളർത്തുന്ന ഇറച്ചിക്കോഴികളെ എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് പ്രവർത്തിക്കുന്ന മീറ്റ് പ്രോഡ്കട്‌സ് ഓഫ് ഇൻഡ്യയുടെ പ്ലാന്റിലെത്തിച്ച് സംസ്‌ക്കരിച്ച് പായ്ക്ക് ചെയ്യും. എല്ലാ ഉല്‍പന്നങ്ങളും 450, 900, അളവിലായിരിക്കും ലഭിക്കുക.
കവറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്താല്‍ ഏതു ഫാമില്‍ വളർത്തിയ ചിക്കനാണെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കാനും കഴിയും. നിലവിലെ വിപണന മാർഗങ്ങള്‍ക്ക് പുറമേ ഭാവിയില്‍ ‘മീറ്റ് ഓണ്‍ വീല്‍’ എന്ന പേരില്‍ ഓരോ ജില്ലയിലും വാഹനങ്ങളില്‍ ശീതീകരിച്ച ചിക്കൻ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനും ലക്ഷ്യമിടുന്നു. ഇതുവഴി നഗര ഗ്രാമ പ്രദേശങ്ങളിലും കുടുംബശ്രീ കേരള ചിക്കൻ ഉല്‍പന്നങ്ങള്‍ക്ക് വിപണി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
