ആറ്റുകാല്‍ പൊങ്കാല മഹോത്സവം ; രണ്ട് ദിവസം മദ്യ വില്പനശാലകളുടെ പ്രവർത്തനം നിരോധിച്ചു – ജില്ലാ കളക്ടർ ഉത്തരവിട്ടു.

തിരുവനന്തപുരം : പൊങ്കാലയുടെ തലേദിവസമായ ഫെബ്രുവരി 24 വൈകുന്നേരം 6 മണി മുതല്‍ പൊങ്കാല ദിവസമായ ഫെബ്രുവരി 25 വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും ഉള്ള എല്ലാ മദ്യ വില്പനശാലകള്‍ക്കും നിരോധനം ബാധകമാണ്.

ഫെബ്രുവരി 25ന് ആണ് ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല. ഫെബ്രുവരി 17 മുതല്‍ 26 വരെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ വിവധ പരിപാടികള്‍ നടക്കും.പൊങ്കാലയോടനുബന്ധിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പും കർശന നിർദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച്‌ തീർഥാടകർക്കും പൊതുജനങ്ങള്‍ക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു.

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ മുഴുവൻ ഭക്ഷ്യസ്ഥാപനങ്ങളും ലൈസൻസിന്റെ/രജിസ്ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളില്‍ പ്രദർശിപ്പിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിനായി പ്രത്യേക നിർദ്ദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ അന്നദാനം, ലഘുഭക്ഷണം, ശീതള പാനീയം,

ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ മുൻകൂറായി എടുക്കണം. അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനുള്ള സംവിധാനം ലഭ്യമാണ്. ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികള്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്ബറില്‍ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.