ഓണക്കാലത്ത് റെക്കോർഡ് കളക്ഷൻ ഉണ്ടാക്കിയിട്ടും ശമ്പളമില്ലാതെ കെഎസ്ആര്‍ടിസി; ധനവകുപ്പും തിരിഞ്ഞുനോക്കുന്നില്ല

തിരുവനന്തപുരം: ഓണക്കാലത്ത് പത്തുദിവസം 70.97 കോടിയുടെ മെച്ചപ്പെട്ട കളക്ഷൻ കിട്ടിയെങ്കിലും കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പള വിതരണം വൈകും.

തൊഴിലാളി സംഘടനകളുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ഇന്നലെയായിരുന്നു നല്‍കേണ്ടിയിരുന്നത്. ആദ്യ ഗഡുപോലും വിതരണം ചെയ്തിട്ടില്ല.

കളക്ഷൻ തുക പതിവു ചെലവുകള്‍ക്കായി മാറ്റിവച്ചതോടെ ശമ്പളത്തിന് മിച്ചമില്ലാതായി. 10 കോടി ഓവര്‍ഡ്രാഫ്ട് എടുക്കേണ്ടി വന്നേക്കും.

പ്രതിസന്ധി മുന്നില്‍കണ്ട് ഓണാവധിക്കു മുൻപ് ആഗസ്റ്റ് 26ന് 80 കോടിയുടെ സഹായം അഭ്യര്‍ത്ഥിച്ച്‌ ധനവകുപ്പിന് കത്ത് നല്‍കിയെങ്കിലും ഇതുവരെ അനുവദിച്ചിട്ടില്ല.

ആഗസ്റ്റ് 26 മുതല്‍ സെപ്തംബര്‍ 4 വരെയാണ് 70.97 കോടിയുടെ കളക്ഷൻ ലഭിച്ചത്. ഇതില്‍ ആറ് ദിവസം 7 കോടി കടന്നു. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവൃത്തി ദിനമായ കഴിഞ്ഞ 4ന് 8.79 കോടിയുടെ റെക്കാഡ് കളക്ഷനായിരുന്നു.

ജനുവരി 16ന് ശബരിമല സീസണില്‍ ലഭിച്ച 8.48 കോടിയാണ് ഇതിനു മുൻപത്തെ പ്രതിദിന റെക്കാ‌‌ഡ് വരുമാനം.