കോട്ടയം: ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു.
കോട്ടയം മുൻസിഫ് കോടതി രണ്ടിന്റേതാണ് ഉത്തരവ്. അന്ത്യോഖ്യ പാത്രിയാർക്കീസ് ബാവയുടെ നടപടി ചോദ്യം ചെയ്ത് കുര്യാക്കോസ് മാർ സേവേറിയോസിനെ അനുകൂലിക്കുന്നവർ നല്‍കിയ ഹർജിയിലാണ് കോടതി ഉത്തരവ്.
ഹർജിയില്‍ അന്തിമ ഉത്തരവ് ഉണ്ടാകുന്നത് വരെ സ്റ്റേ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
ആകമാന സുറിയാനി ഓർത്തഡോക്‌സ് സഭയുടെ അദ്ധ്യക്ഷൻ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുടെ ഉത്തരവുകള്‍ ലംഘിച്ചു എന്നാരോപിച്ചായിരുന്നു മെത്രാപ്പാലീത്തയെ സസ്പെൻഡ് ചെയ്തത്.
ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ സഭാപരമായ ചുമതലകളില്‍ നിന്ന് നീക്കിയതായി പാത്രിയർക്കീസിന്റെ ഉത്തരവില്‍ പറയുന്നു. ഇന്ത്യയിലെ ഓർത്തഡോക്‌സ് സഭയുമായി അടുപ്പം കാണിക്കുന്നതായി കണ്ടെത്തി കുര്യാക്കോസ് സേവേറിയോസിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
പുത്തൻകുരിശില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തെ വിളിച്ചു വരുത്തി പാത്രിയാർക്കീസ് ബാവയുടെ പ്രതിനിധി വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണം തള്ളിയാണ് സസ്‌പെൻഡ് ചെയ്തത്.
