കണ്ണൂർ: റോഡിൽ നിർമിച്ച സമരപന്തലിൽ കെഎസ്ആർടിസി ബസ് കുടുങ്ങി ഗതാഗതം തടസപ്പെട്ടത് ഒരു മണിക്കൂർ. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നാളെ എൽഡിഎഫ് സമരത്തിനായി നിർമിച്ചുകൊണ്ടിരുന്ന പന്തലിന്റെ മേൽക്കൂരയ്‌ക്കുളള ഇരുമ്പുകമ്പികളിൽ തട്ടി ബസ് കുടുങ്ങുകയായിരുന്നു. റോഡിന് കുറുകെയായിരുന്നു പന്തലിന്റെ മേൽക്കൂര സ്ഥാപിച്ചത്.
ഇത് കെഎസ്ആർടിസി ബസിന് മുകളിലെ കാരിയേജിൽ തട്ടിയാണ് അപകടം ഉണ്ടായത്. കമ്പികൾ പരസ്പരം ബന്ധിപ്പിച്ച ശേഷം ഇത് ഉയർത്തുകയാണ് പന്തൽനിർമാണത്തിന്റെ രീതി. ഇതിനിടയിലാണ് ബസ് കമ്പിയിൽ തട്ടി കുടുങ്ങിയത്. ഒരു മണിക്കൂറിലധികം ബസ് ഇവിടെ കുടുങ്ങി.
കമ്പികൾ അഴിച്ചുമാറ്റിയാണ് ബസിന് കടന്നുപോകാൻ വഴിയൊരുക്കിയത്. റോഡിലേക്ക് ഇറക്കി കെട്ടിയതാണ് വിനയായത്. കാരിയേജിൽ കമ്പികൾ തട്ടിയതോടെ കമ്പികൾ മുഴുവൻ ബസിന് മുകളിലേക്ക് വീണു. ചില കമ്പികൾ വളയുകയും ചെയ്തു.
ബസിൽ യാത്രക്കാർ കുറവായിരുന്നതിനാലും സമീപത്ത് ആളുകൾ അധികം ഇല്ലാതിരുന്നതിനാലും കൂടുതൽ അപകടം ഉണ്ടായില്ല. മയ്യിൽ – ശ്രീകണ്ഠാപുരം റൂട്ടിലോടുന്ന ബസ് ആണ് കുടുങ്ങിയത്. ബസുകൾ ഉൾപ്പെടെയുളള വാഹനങ്ങൾ എപ്പോഴും കടന്നുപോകുന്ന റൂട്ടാണ് സ്‌റ്റേഡിയം കോർണറിന് മുൻപിലൂടെയുളളത്.
ഗതാഗതം തടസപ്പെട്ടതോടെ മറ്റൊരു വഴിയിലൂടെയാണ് വാഹനങ്ങൾ കടത്തിവിട്ടത്. ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. പന്തലിനായി കെട്ടി ഉയർത്തിയ കമ്പികൾ അഴിച്ചുമാറ്റിയാണ് ബസ് കടത്തിവിട്ടത്. ബസ് പോകാനുളള ഉയരം പോലും ഇടാതെയാണ് പന്തൽ കെട്ടിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
സമരപന്തലിന്റെ തൂണുകളും മറ്റും ഇവിടുത്തെ ട്രാഫിക് ലൈറ്റ് പോസ്റ്റിലേക്കും തെരുവുവിളക്ക് തൂണുകളിലേക്കുമാണ് വലിച്ചുകെട്ടിയിരുന്നത്. തിരക്കുളള സമയങ്ങളിൽ ധാരാളം ആളുകൾ ബസ് കാത്ത് നിൽക്കുന്ന ഭാഗമാണിവിടെ. വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ കേരളത്തിനോട് കാണിക്കുന്ന വിവേചനത്തിനെതിരെയാണ് ഇടതുമുന്നണിയുടെ സമരം.
ഇപി ജയരാജനാണ് കണ്ണൂരിലെ സമരം ഉദ്ഘാടനം ചെയ്യുന്നത്. അതേസമയം, റോഡിൽ ഗതാഗതം തടസപ്പെടുത്തിയുളള പന്തൽ നിർമാണം ഇത് സംബന്ധിച്ച കോടതിവിധിയുടെ ലംഘനമാണെന്ന് ഉൾപ്പെടെ വിമർശനം ഉയർന്നുകഴിഞ്ഞു.
