ബസ്സില്‍ കയറുന്നതിനിടെ യാത്രക്കാരൻ്റെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; കോട്ടയം നാഗമ്പടം സ്വദേശി പിടിയില്‍; സംഭവം തിരുവല്ല കെ.എസ്.ആർ.ടി.സി. സ്റ്റാൻഡില്‍

തിരുവല്ല: കെ.എസ്.ആർ.ടി.സി. ബസിലേക്ക് കയറുന്നതിനിടെ യാത്രക്കാരന്റെ രണ്ട് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചയാള്‍ പിടിയില്‍.

കോട്ടയം നാഗമ്പടം എസ്.എച്ച്‌. മൗണ്ടില്‍ ചവിട്ടുവരി മിനിമന്ദിരത്തില്‍ ശിവപ്രകാശ് (50) ആണ് പിടിയിലായത്. തിരുവല്ല കെ.എസ്.ആർ.ടി.സി. സ്റ്റാൻഡില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു മോഷണം.

അടൂർ കരിക്കിനേത്ത് ടെക്സ്റ്റൈല്‍സിനു സമീപം കൗസ്തുഭം വീട്ടില്‍ നൈസാം വീട്ടിലേക്ക് പോകാനായി ബസില്‍ കയറുമ്പോള്‍ പോക്കറ്റില്‍ നിന്ന് ഫോണുകള്‍ നഷ്ടപ്പെട്ടു. ഇതിലൊന്ന് 80,000 രൂപ വിലയുള്ളതും മറ്റൊന്ന് 30,000 രൂപയുടെതുമായിരുന്നു.

ഫോണ്‍ പോയെന്ന് മനസ്സിലാക്കിയ നൈസാം ബസില്‍ നിന്നിറങ്ങി രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമെത്തി സ്റ്റാൻഡില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന ശിവപ്രകാശിനെ തടഞ്ഞുവെച്ചു. നൈസാമിന്റെ ഷർട്ടിന്റെ പോക്കറ്റ് വലിച്ചുകീറി തള്ളിമാറ്റി കുതറിയോടാൻ ഇയാള്‍ ശ്രമിച്ചു.

പക്ഷേ എല്ലാവരും ചേർന്ന് പിടിച്ചുവെച്ചു. എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പിങ്ക് പോലീസ് അറിയിച്ചതനുസരിച്ച്‌ തിരുവല്ല സ്റ്റേഷനില്‍ നിന്ന് ഉദ്യോഗസ്ഥരെത്തി ശിവപ്രകാശിനെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തു.

എറണാകുളം റെയില്‍വേ പോലീസ് സ്റ്റേഷൻ, ആലുവ, കോട്ടയം റെയില്‍വേ പോലീസ് സ്റ്റേഷൻ, എറണാകുളം ഹില്‍പാലസ്, ചേർത്തല പോലീസ് സ്റ്റേഷനുകളിലെ മോഷണക്കേസുകളില്‍ പ്രതിയാണ്.