കോഴിക്കോട്: കനത്ത മഴയും കാറ്റും ഉണ്ടെങ്കിൽ പിന്നെ ഇലക്ട്രിസിറ്റിയുടെ കാര്യം പറയണ്ട. ഈ കാലവർഷത്തിൽ മരങ്ങള്‍ കടപുഴകി വൈദ്യുത ലൈൻ പൊട്ടി വീഴുന്നതും പോസ്റ്റുകള്‍ക്ക് കേടുപാട് സംഭവിക്കുന്നതും പതിവാണ്.
കാറ്റിലും മഴയിലും വൈദ്യുതി വിതരണം നിലച്ചപ്പോൾ ഫീൽഡ് ജീവനക്കാർക്ക് സഹായവുമായി മിനിസ്റ്റീരിയൽ ജീവനക്കാർ എത്തി. മിനിസ്റ്റീരിയൽ ജീവനക്കാർ സഹായത്തിന് എത്തിയ വിവരം കെഎസ്ഇബിയാണ് അറിയിച്ചത്.
കോഴിക്കോട് കൂമ്പാറ സെക്ഷനിലെ സീനിയർ സൂപ്രണ്ട് (ഇൻ ചാർജ്) അമ്പിളിയും കാഷ്യർ അൽഫോൺസയും കനത്ത മഴ മൂലമുണ്ടായ വൈദ്യുതി തടസ്സം പരിഹരിക്കാൻ ഫീൽഡ് ജീവനക്കാർക്കൊപ്പം ഇറങ്ങിയതിന്‍റെ ചിത്രവും കെഎസ്ഇബി ഫേയ്സ്ബുക്കിൽ പങ്കുവെച്ചു.
അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. മഴക്ക് മുമ്പേ ലൈനുകളിലേക്ക് അപകടകരമായി ചാഞ്ഞു നിൽക്കുന്ന മരങ്ങളും മരക്കൊമ്പുകളും ഒക്കെ വെട്ടി മാറ്റാൻ ശുഷ്കാന്തി കാണിച്ചാൽ മഴയും കാറ്റും ഉണ്ടാവുമ്പോൾ ഇത്രയും നഷ്ടം വരില്ലെന്നാണ് ഫേയ്സ്ബുക്ക് പോസ്റ്റിന് താഴെ ചിലർ കമന്റിട്ടിരിക്കുന്നത്.
