കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ.സുധാകരനെ മാറ്റിയേക്കും; പകരം നാല് പേരുകള്‍ പരിഗണനയില്‍; ഹൈക്കമാന്‍ഡ് ആലോചിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍

തിരുവനന്തപുരം: ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തു നിന്ന് കെ.സുധാകരനെ ഹൈക്കമാന്‍ഡ് മാറ്റിയേക്കും.

അടൂര്‍ പ്രകാശ്, റോജി എം. ജോണ്‍, ബെന്നി ബെഹനാന്‍, മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരുടെ പേരുകളാണ് പകരം പരിഗണിക്കപ്പെടുന്നത് എന്നറിയുന്നു. ആഭ്യന്തര പ്രശ്‌നങ്ങളും നേതൃത്വപ്രതിസന്ധിയും പാര്‍ട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് വെല്ലുവിളിയാകുമെന്ന ആശങ്കകള്‍ക്കിടയിലും തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് പുതിയ പ്രസിഡന്റിനെ നിയമിച്ച്‌ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നത്.

വളരെ അനുകൂലമായ രാഷ്ട്രീയസാഹചര്യമുള്ള സമയത്ത് നടന്ന കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ രാഷ്ട്രീയകാര്യ സമിതി യോഗം പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ രൂക്ഷമാക്കി എന്ന തോന്നലാണ് പൊതുവേ. എ.ഐ.സി.സി സെക്രട്ടറിമാരായ ദീപ ദാസ് മുന്‍ഷിയും കെ.സി.വേണുഗോപാലും പങ്കെടുത്ത ചര്‍ച്ചകള്‍ പാര്‍ട്ടിയിലെ ഭിന്നതകള്‍ തുറന്നു കാട്ടുന്നതായിരുന്നു.

കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തമ്മിലുള്ള വ്യക്തിപരമായ വൈരാഗ്യം പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് നേതാക്കള്‍ക്കു തന്നെ അഭിപ്രായമുണ്ട്. സുതാര്യമായ സംവാദത്തിലൂടെ ഭിന്നതകള്‍ പരിഹരിക്കാന്‍ നേതൃത്വം പരാജയപ്പെട്ടതായി നിരീക്ഷകര്‍ പറയുന്നു.

ചില നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കുന്ന, പാര്‍ട്ടിക്കെതിരായ ഗൂഢാലോചനയായി വിലയിരുത്തപ്പെടുന്നുണ്ട്. ഇക്കാര്യം കെ.സി. വേണുഗോപാലും ദീപ ദാസ് മുന്‍ഷിയും ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് ചെയ്‌തേക്കും.