കോഴിക്കോട് : കരിപ്പൂര്‍ സ്വദേശി സിദ്ധിക്ക് വിളക്കകത്താണു സ്വര്‍ണ്ണവുമായി കസ്റ്റംസിന്റെ പിടിയിലായത്. സോളാര്‍ ലൈറ്റിലും കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ബാറ്റിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. 25ലക്ഷം രൂപ വിലവരുന്ന 399ഗ്രാം സ്വര്‍ണ്ണമാണ് പിടികൂടിയത്.
സിദ്ധിഖിന്‍റെ കൈവശമുണ്ടായിരുന്ന ബാഗിനുള്ളിലുണ്ടായിരുന്ന ഇലക്‌ട്രോണിക് വസ്തുക്കള്‍ കണ്ട് സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. കഴിഞ്ഞ ദിവസവും കരിപ്പൂരില്‍ സ്വര്‍ണ്ണം പിടികൂടിയിരുന്നു. കസ്റ്റംസും പൊലീസും ഡിആര്‍ഐയും ചേര്‍ന്ന് വ്യത്യസ്ത കേസുകളിലായി രണ്ട് കോടി രൂപയുടെ സ്വര്‍ണമാണ് രണ്ടുദിവസത്തിനിടെ പിടികൂടിയത്. സ്വര്‍ണം കടത്താൻ ശ്രമിച്ച ഒരു സ്ത്രീ ഉള്‍പ്പടെ നാല് യാത്രക്കാരെ അറസ്റ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് വീണ്ടും സ്വര്‍ണ്ണവുമായി ഒരാള്‍ പിടിയിലാകുന്നത്.
കഴിഞ്ഞ ദിവസം ഡിആര്‍ഐയും കസ്റ്റംസും സംയുക്ത പരിശോധനയിലാണ് രണ്ടുകിലോ 304 ഗ്രാം സ്വര്‍ണം പിടികൂടിയത്. മലപ്പുറം മീനടത്തൂര്‍ സ്വദേശി ശിഹാബുദ്ധീൻ മൂത്തേടത്ത്, കണ്ണൂര്‍ തളിപറമ്പ് സ്വദേശി ആശ തോമസ് ,കോഴിക്കോട് കല്ലാച്ചി സ്വദേശി ഹാരിസ് എന്നിവരാണ് സ്വര്‍ണം കടത്താൻ ശ്രമിച്ചത്. മിശ്രിത രൂപത്തിലുള്ള സ്വര്‍ണം ക്യപ്സ്യുള്‍ രൂപത്തിലാക്കി ശരീരത്തിൻ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. മൂന്നുപേരില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണത്തിന് ഒരു കോടി എണ്‍പത്തഞ്ച് ലക്ഷം രൂപ വിലവരും.
കസ്റ്റംസിനെ വെട്ടിച്ചു വിമാനത്താവളത്തിന് പുറത്ത് എത്തിയ കാസര്‍ഗോഡ് സ്വദേശി ബിഷറാത്ത് എന്നയാളില്‍ നിന്നും പൊലീസ് സ്വര്‍ണ്ണം കണ്ടെത്തിയിരുന്നു. കുട്ടികള്‍ക്കുള്ള വസ്ത്രത്തിന്റെ ബട്ടൻസിന് അകത്ത് സ്വര്‍ണം ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. ദുബായില്‍ നിന്നെത്തിയ ഇയാളുടെ കൈവശമുണ്ടായിരുന്ന 235 ഗ്രാം സ്വര്‍ണം പൊലീസ് കണ്ടെടുത്തു. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്
