കൊച്ചി: വാളയാർ കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ.
പോലീസ് അന്വേഷണത്തിനെതിരെ കുട്ടികളുടെ അമ്മ സമർപ്പിച്ച ഹർജിയിലാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്.
അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണിത്. മക്കളുടെ മുന്നില്‍ വെച്ചാണ് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയന്നും കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കി.
13ഉം, 9ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ 52 ദിവസത്തിന്റെ ഇടവേളയില്‍ വീട്ടിലെ ഒറ്റമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസിലായിരുന്നു സിബിഐ അന്വേഷണം. അമ്മയുടെ ഹർജിയില്‍ ഹൈക്കോടതി നിർദ്ദേശപ്രകാരം കേസ് ഏറ്റെടുത്ത സിബിഐ കൊച്ചിയിലെ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലാണ് മനസ്സ് മരവിപ്പിക്കുന്ന കണ്ടെത്തല്‍.
അമ്മയും അച്ഛനും അറിഞ്ഞ് കൊണ്ട് തന്നെ രണ്ട് മക്കളെയും പ്രതികള്‍ക്ക് പീഡനത്തിന് ഇട്ട് കൊടുത്തെന്നാണ് സിബിഐ കണ്ടെത്തല്‍. കഴിഞ്ഞ മാസം കൊച്ചി സിബിഐ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ രണ്ട് പെണ്‍കുഞ്ഞുങ്ങള്‍ നേരിട്ട ക്രൂരമായ ദുരിതപർവ്വമാണ് വിവരിക്കുന്നത്.
