കോഴിക്കോട് കെഎസ്ആർടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സർക്കാർ; അപകടത്തിൽ മരണപ്പെട്ട രണ്ടുപേരുടെയും കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നൽകും

കോഴിക്കോട്: തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. അപകടത്തില്‍ മരണപ്പെട്ട രണ്ടു പേരുടെയും കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നൽകും.

ഡ്രൈവറുടെ അശ്രദ്ധ കാരണമാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.
ഗതാഗത മന്ത്രി ഗതാഗത സെക്രട്ടറിയോട് ആവശ്യപ്പെട്ടത് പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബസ്സിന്റെ ടയറുകള്‍ക്കോ ബ്രേക്ക് സിസ്റ്റത്തിനോ കുഴപ്പമില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.
എതിര്‍വശത്ത് നിന്നും വാഹനങ്ങളൊന്നും എത്തിയിരുന്നുമില്ല.
ഇതാണ് ഡ്രൈവറുടെ അശ്രദ്ധയാകാം അപകട കാരണമെന്ന പ്രാഥമിക നിഗമനത്തില്‍ എത്തിയത്.

സംഭവത്തില്‍ തിരുവമ്പാടി പോലീസ് ഡ്രൈവറായ മാമ്പറ്റ സ്വദേശി ഷിബുവിനെതിരെ കേസെടുത്തിട്ടുണ്ട്.
ഗുരുതരമായി പരിക്കേറ്റ ഷിബു ചികിത്സയിലായതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
അപകടത്തിൽ രണ്ട് സ്ത്രീകൾ മരിക്കുകയും 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്.