പുലി ഭീതിയിൽ കോട്ടയം മുണ്ടക്കയം പശ്ചിമ നിവാസികൾ; വീടിൻ്റെ പരിസരത്ത് പുലിയെ കണ്ടതായി നാട്ടുകാർ; വനം വകുപ്പെത്തി പരിശോധന നടത്തി

കോട്ടയം: പുലി ഭീതിയിലാണ് കോട്ടയം മുണ്ടക്കയം പശ്ചിമ നിവാസികള്‍. വീടിന്റെ പരിസരത്ത് പുലിയെ കണ്ടതായും ഇതോടെ തങ്ങളുടെ അഞ്ച് വളർത്തുനായ്ക്കളെ ആക്രമിച്ചത് പുലിയാണെന്ന നാട്ടുകാരുടെ സംശയവും ബലപ്പെട്ടു.

വനം വകുപ്പ് പ്രദേശത്ത് പരിശോധ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചില്ല. മുണ്ടക്കയം പശ്ചിമ 10-ാം വാർഡിലാണ് പുലി സാന്നിദ്യം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ പ്രദേശത്ത് പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു.

സുബ്രഹ്മണ്യൻ, ബാബു, ഷാരോണ്‍, അനീഷ് എന്നിവരുടെ നായ്ക്കളെ ആക്രമിച്ചു. ബഹളം വെച്ചതോടെയാണ് പുലി പിൻവാങ്ങിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

വാർഡ് മെമ്ബർ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പിൻ്റെ ആർആർ ടീം മേഖലയില്‍ പരിശോധന നടത്തി. എന്നാല്‍ സ്ഥലത്ത് പുലിയുടെ സാന്നിദ്യം ഇല്ലെന്ന് വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.

പ്രദേശത്ത് കാട്ടുപോത്തിന്റെ സാന്നിധ്യം പതിവാണെങ്കിലും പുലിയുടെ സാന്നിധ്യം വന്നതോടെ മേഖലയിലുള്ളവർ ഏറെ ഭീതിയിലാണ്. പുലിയെ കൂട് വെച്ച്‌ പിടികൂടാൻ വനവകുപ്പ് തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.